Connect with us

Business

അടുത്ത ഒന്നര വര്‍ഷക്കാലം ബേങ്കുകളിലെ കിട്ടാക്കടം കുതിച്ചുയരും

Published

|

Last Updated

മുംബൈ | അടുത്ത 12- 18 മാസക്കാലം രാജ്യത്തെ ബേങ്കിംഗ് മേഖലയില്‍ കിട്ടാക്കടം കുതിച്ചുയരുമെന്ന് എന്‍ ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. മൊത്തം വായ്പയുടെ 11 ശതമാനം വരെ കിട്ടാക്കടം ആകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് ബേങ്കിംഗ് മേഖല കാഴ്ച വെച്ചത്. വായ്പാ മോറട്ടോറിയം, വായ്പ തിരിച്ചടക്കാന്‍ ശേഷിയില്ലെന്ന് ആരെയും ബേങ്കുകള്‍ വര്‍ഗീകരിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് തുടങ്ങിയ ഘടകങ്ങള്‍ കാരണമായാണ് ഈ പ്രകടന മികവ്. എന്നാല്‍, കഴിഞ്ഞ ആഗസ്റ്റ് 31ന് മോറട്ടോറിയം കാലാവധി അവസാനിച്ചു.

ജൂണ്‍ 30ന് മൊത്തം വായ്പകളിലെ കിട്ടാക്കടം എട്ട് ശതമാനമായിരുന്നു. ബേങ്കുകളുടെ കടംകൊടുക്കല്‍ ചെലവ് 2.2- 2.9 ശതമാനത്തിലാണ് ഈ വര്‍ഷവും അടുത്ത വര്‍ഷവുമുണ്ടാകുക. 2023 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വരെ ബേങ്കിംഗ് മേഖലയുടെ സാമ്പത്തിക ശക്തി തിരിച്ചുപിടിക്കാനാകില്ലെന്നും എസ് ആന്‍ഡ് പി റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.