National
മിശ്രവിവാഹം ലൗ ജിഹാദല്ല; യു പി സര്‍ക്കാറിന്റെ നിയമ നിര്‍മാണ നീക്കത്തിനെതിരെ ഹൈക്കോടതി

ലഖ്‌നോ | മിശ്രവിവാഹങ്ങളും മറ്റും ലൗ ജിഹാദ് എന്ന് ആരോപിച്ച് ഇത് തടയാന്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് വന്‍ തിരിച്ചടി. മതപരിവര്‍ത്തനത്തിന് എതിരായ നിയമ നിര്‍മാണം ശരിയല്ലെന്ുനം വ്യക്തികളുടെ അവകാശത്തില്‍ സര്‍ക്കാറിന് കടന്നുകയറാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം ശരിയല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സല്‍മത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രിയങ്കയെ മതംമാറ്റിയാണ് സല്‍മത് അന്‍സാരി വിവാഹം ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കുകയായിരുന്നു. ഈ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. വാദംകേട്ട ജസ്റ്റിസ് പങ്കജ് നഖ്‌വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും ശക്തമായ നിരീക്ഷണമാണ് നടത്തിയത്. രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായി അവകാശമുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ സര്‍ക്കാറിനോ മറ്റുള്ളവര്‍ക്കോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.