Connect with us

National

സൗജന്യ വെള്ളം, വൈദ്യുതി; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ചന്ദ്രശേഖര്‍ റാവു

Published

|

Last Updated

ഹൈദരാബാദ് | മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സൗജന്യ വെള്ളം ഉള്‍പ്പെടെ വാഗ്ദാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍. പ്രതിമാസം 20,000 ലിറ്ററില്‍ താഴെ വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്ന് നിരക്ക് ഈടാക്കില്ലെന്ന് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്ര ശേഖര്‍ റാവു പ്രഖ്യാപിച്ചു. ഡിസംബര്‍ മുതല്‍ ഇത് നിലവില്‍ വരും. ടിആര്‍എസിന്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് ടിആര്‍എസ് മുന്നോട്ടുവെക്കുന്നത്. എസി ഉപയോഗിക്കാത്ത സലൂണുകള്‍ക്കും ലോണ്‍ട്രി, ഇസ്തിരിയിടല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്കും സൗജന്യ വൈദ്യുതി, കൊവിഡ് പ്രതിസന്ധി മൂലം അടച്ചിട തിയറ്ററുകള്‍ക്ക് വൈദ്യുതി ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.

വികസനത്തിനും വിഭജനത്തിനും ഇടയില്‍ സമ്മതിദാനാവകാശം ശരിയായി വിനിയോഗിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചന്ദ്ര ശേഖര്‍ റാവു അഭ്യര്‍ഥിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി വികസനത്തോടൊപ്പം സമാധാനാന്തരീക്ഷമുള്ള ഹൈദരാബാദിനെയാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് തന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടിആര്‍എസിന്റെ പ്രകടന പത്രിക ആവര്‍ത്തനമാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ അതേ വാഗ്ദാനങ്ങളാണ് ഇവയെല്ലാം. വാഗ്ദാനങ്ങള്‍ അവര്‍ പാലിക്കാറില്ല. രണ്ട് ലക്ഷം ഇരട്ടമുറി വീടുകള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നിട്ട് എന്തായി എന്ന് കേന്ദ്ര സഹമന്ത്രി കിഷന്‍ റെഡ്ഢി ചോദിച്ചു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 150 സീറ്റുകളിലേക്കാണ് പോളിംഗ് നടക്കാനിരിക്കുന്നത്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്ക് 99 സീറ്റുകളും ബിജെപിക്ക് നാല് സീറ്റുകളുമാണ് നിലവിലുള്ളത്. 44 സീറ്റുകളില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ തെലുങ്കുദേശം പാര്‍ട്ടിയുമാണ്.

Latest