Connect with us

Ongoing News

ഇസ്‌റാഈല്‍ പ്രധാനമന്ത്രി സഊദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ടെല്‍ അവീവ് | ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഊദി അറേബ്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും സഊദിയില്‍ സന്ദര്‍ശനം നടത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി ഇസ്‌റാഈലിന്റെ കാന്‍ പബ്ലിക് റേഡിയോയും ആര്‍മി റേഡിയോയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നെതന്യാഹുവിന്റെ ഓഫീസോ ജറുസലേമിലെ യുഎസ് എംബസ്സിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ടെല്‍ അവീവില്‍ നിന്ന് സഊദിയിലെ നിയോമിലേക്ക് ഒരു ബിസിനസ് ജറ്റ് വിമാനം പറന്നതായി ഏവിയേഷന്‍ ട്രാക്കിംഗ് ഡാറ്റ ഉദ്ധരിച്ച് ഇസ്‌റാഈലി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടല്‍ തീരത്തെ ഈ നഗരത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മൈക്ക് പോംപിയോയും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്.

ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന സഊദിക്ക് മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്. പോംപിയോയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇതുസംബന്ധിച്ച ചര്‍ച്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്ക ഇടപെട്ട് നടത്തിയ ചര്‍ച്ചകളുടെ ഫലമായി യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.

ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിന് ഇല്ലെന്ന് സഊദി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്‌റാഈലി വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് സഊദി നീക്കുകയും ചെയ്തിരുന്നു.