Connect with us

Articles

പോലീസ് നിയമ ഭേദഗതി: ഇടതുപക്ഷം ഇനിയും പിഴമൂളേണ്ടിവരും

Published

|

Last Updated

ശിവസേനാ നേതാവ് ബാല്‍താക്കറെ മരിച്ചപ്പോള്‍ “ആദര”സൂചകമായി ഹര്‍ത്താല്‍ ആചരിച്ചത് വിമര്‍ശിക്കുകയും ഹര്‍ത്താല്‍ ആചരിക്കുന്നത് ആദരവ് കൊണ്ടല്ല, ഭയം കൊണ്ടാണെന്ന സത്യം സാമൂഹിക മാധ്യമങ്ങളില്‍ കുറിക്കുകയും ചെയ്തതിനാണ് ഷഹീന്‍ ധാദ എന്ന പെണ്‍കുട്ടിയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ഷഹീന്റെ കുറിപ്പ് ഇഷ്ടപ്പെട്ടുവെന്ന് രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ചെയ്ത മലയാളിയായ റിനി ശ്രീനിവാസനും അറസ്റ്റ് ചെയ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരവും വെറുപ്പുളവാക്കും വിധത്തിലുള്ള സന്ദേശം വിനിമയം ചെയ്തുവെന്നതിന് വിവരാവകാശ നിയമത്തിലെ 66 എ വകുപ്പ് പ്രകാരവുമായിരുന്നു ഇവര്‍ക്കെതിരായ കേസ്. പിന്നീട് ആദ്യത്തെ ആരോപണം പോലീസ് ഉപേക്ഷിച്ചു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505 (2) വകുപ്പ് പ്രകാരം പുതിയ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു.
സ്വതന്ത്രമായി അഭിപ്രായം പറയാന്‍ ശ്രമിക്കുന്നവരെ വേട്ടയാടുക എന്നത് ഇന്ത്യന്‍ യൂനിയനില്‍ ഭരണകൂടത്തിന് അത്രയൊന്നും പ്രയാസമുള്ള കാര്യമല്ല. വര്‍ഗീയ ഫാസിസം അധികാരം നിയന്ത്രിക്കുമ്പോള്‍ നിയമത്തിന് പുറത്തുള്ള വേട്ടയാടലാണ് കൂടുതല്‍ എളുപ്പം. ഹിന്ദുത്വ അജന്‍ഡയെ വിമര്‍ശിക്കുകയോ അവര്‍ക്ക് ഹിതകരമല്ലാത്ത ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ നിശ്ശബ്ദരാക്കുകയാണ് സംഘ്പരിവാരം പലപ്പോഴും ചെയ്യുക. ഗോവിന്ദ് പന്‍സാരെ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരെ ഇല്ലാതാക്കിയത് ഓര്‍ക്കുക. പശു സംരക്ഷണത്തിന്റെയൊക്കെ പേരില്‍ അരങ്ങേറുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കല്‍ മാത്രമല്ല, അതിനെതിരെ ശബ്ദങ്ങള്‍ ഉയരില്ലെന്ന് ഉറപ്പാക്കാനുള്ള ഭയപ്പെടുത്തല്‍ കൂടിയാണ്.

ഷഹീന്‍ ധാദക്കും റിനി ശ്രീനിവാസനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് രാജ്യത്ത് വലിയ ചര്‍ച്ചയായി. വിവരാവകാശ നിയമത്തിലെ 66 എ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഐ ടി ആക്ടിലെ ഈ വ്യവസ്ഥ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി, ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന 66 എ നിലനില്‍ക്കില്ലെന്ന് വിധിച്ചു. ഇതോടൊപ്പം കേരള പോലീസ് നിയമത്തിലെ 118 (ഡി) എന്ന വകുപ്പും സുപ്രീം കോടതി റദ്ദാക്കി. ഇതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നുവെന്നാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പറയുന്നത്. ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ പാകത്തിലുള്ള നിയമമില്ലാത്തതുകൊണ്ട് ഇത്തരം പ്രചാരണങ്ങളും വ്യക്തിയധിക്ഷേപങ്ങളും നിയന്ത്രിക്കാനാകുന്നില്ലെന്ന പോലീസിന്റെ നിലപാട് കൂടി പിണറായി വിജയന്‍ സര്‍ക്കാര്‍ കണക്കിലെടുക്കുകയും ചെയ്തു. അതിന്റെ ഫലമാണ് 118 എ എന്ന വകുപ്പ് കൂടി ചേര്‍ത്ത് പോലീസ് നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് തടയുക എന്നതാണ് നിയമ ഭേദഗതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍, വ്യക്തികളെ വേട്ടയാടാനും വ്യാജങ്ങള്‍ പ്രചരിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. തികഞ്ഞ കള്ളങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും സത്യമതാണെന്ന ധാരണ സൃഷ്ടിക്കുന്നതിനും ആസൂത്രിതവും സംഘടിതവുമായ ശ്രമം ഇന്ത്യന്‍ യൂനിയനില്‍ നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിലൂടെ ജനഹിതം പോലും അട്ടിമറിക്കാമെന്ന് തെളിയിച്ചവരാണ് രാജ്യം ഭരിക്കുന്നതും. ഈ ശ്രമം നടത്തുന്നവര്‍ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമപരമായും അല്ലാതെയും ഹനിക്കാന്‍ ശ്രമിക്കുന്നതും.

ഇത്തരമൊരു സാഹചര്യത്തില്‍ കൂടി വേണം പോലീസ് നിയമം ഭേദഗതി ചെയ്ത്, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണം തടയാനുള്ള എല്‍ ഡി എഫ് സര്‍ക്കാറിന്റെ ശ്രമത്തെ വിലയിരുത്താന്‍. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണം തടയുക എന്നതാണ് ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും നിയമ ഭേദഗതിയനുസരിച്ച് പത്ര – ദൃശ്യ മാധ്യമങ്ങളുള്‍പ്പെടെ ഏത് വേദിയും അതിന്റെ പരിധിയില്‍ വരും. അവിടങ്ങളിലെ പരാമര്‍ശങ്ങള്‍ അധിക്ഷേപമോ ആക്രമണമോ ആണെന്ന് തോന്നുന്ന ആര്‍ക്കും പോലീസില്‍ പരാതി നല്‍കാം. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് തോന്നിയാല്‍ പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാം. ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത്, ആരോപണ വിധേയനെ അറസ്റ്റ് ചെയ്യാം. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാമെന്നാണ് നിയമം.

ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയാകുന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തേ നിയമ നടപടികളുണ്ടായിരുന്നത്. ഇപ്പോള്‍ ആര്‍ക്കും പരാതി നല്‍കാം. ഉദാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടായെന്ന് തോന്നുന്ന ആര്‍ക്കും പരാതി നല്‍കാമെന്ന് ചുരുക്കം. പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലായാലും മുഖ്യധാരാ മാധ്യമങ്ങളിലായാലും. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളെടുത്താല്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളെന്ന് വ്യാഖ്യാനിക്കുന്നവ കണ്ടെടുക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അതേക്കുറിച്ച് അവര്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്യുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കുക. ആര്‍ക്കും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്, സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ കേസില്‍ കുടുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്താന്‍ പ്രയാസമുണ്ടാകില്ല. ഇതൊരു സാധ്യത മാത്രമാണ്.

ഷഹീന്‍ ധാദക്കും റിനി ശ്രീനിവാസനുമെതിരെ ചുമത്തിയ ആരോപണങ്ങള്‍ നോക്കുക. ഏത് അഭിപ്രായ പ്രകടനത്തെയും ഇവ്വിധം ദുര്‍വ്യാഖ്യാനം ചെയ്യാന്‍ നമ്മുടെ പോലീസ് സംവിധാനത്തിന് പ്രയാസമുണ്ടാകില്ല. ദുര്‍വ്യാഖ്യാനം ചമച്ച് കേസുകളെടുക്കാന്‍ പാകത്തിലുള്ള വകുപ്പുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സുലഭമായിരിക്കെയാണ് കൂടുതല്‍ പ്രഹര ശേഷിയുള്ള വ്യവസ്ഥ നിയമത്തില്‍ ചേര്‍ക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇത് ഇടതുപക്ഷ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സി പി എമ്മിന്റെ ഇതുവരെയുള്ള നിലപാടുകള്‍ക്ക് വിരുദ്ധമാണ്. വിവരാവകാശ നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന പാര്‍ട്ടിയാണ് സി പി എം. ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കു മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അവസരം നല്‍കുന്ന നിയമ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയുമാണ്. കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്ന യു എ പി എ റദ്ദാക്കണമെന്ന നിലപാടുള്ളവരും. അതേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം നടക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന നിയമ വ്യവസ്ഥ പ്രാബല്യത്തിലാക്കിയതിന് ന്യായീകരണമില്ല.
ഭരണകൂടത്തിന്റെ നയങ്ങള്‍ക്കോ ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ നിലപാടുകള്‍ക്കോ അനുസരിച്ചല്ല പലപ്പോഴും നിയമ വ്യവസ്ഥകള്‍ സഞ്ചരിക്കുക. ഒരു നിയമത്തിന്റെയോ നിയമ വ്യവസ്ഥയുടെയോ കേവലമായ നിലനില്‍പ്പ് പോലും ഭരണകൂടത്തെയും അതിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും പ്രതിസ്ഥാനത്തു നിര്‍ത്താം. വിദ്യാര്‍ഥികളായ അലനും ത്വാഹക്കും മേല്‍ യു എ പി എ ചുമത്താന്‍ പോലീസ് തീരുമാനിച്ചപ്പോള്‍ നിസ്സഹായമായി നില്‍ക്കേണ്ടിവന്ന ഭരണകൂടത്തെയും പോലീസ് നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും കേരളം കണ്ടതാണ്. പോലീസിന്റെ അതിരുകടന്ന പ്രവൃത്തികള്‍ക്ക് നിയമസഭയില്‍ പലകുറി പിഴമൂളിയ പിണറായി വിജയനെയും. അത്തരമൊരു സംവിധാനത്തിലേക്കാണ് ദുരുപയോഗ സാധ്യത ഏറെയുള്ള ഒരു നിയമ വ്യവസ്ഥ ഓര്‍ഡിനന്‍സിലൂടെ ചുട്ടെടുത്ത് നല്‍കുന്നത് എന്നത് പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അസ്വസ്ഥമാക്കുന്നില്ല എന്നതാണ് അത്ഭുതകരം.
പരദൂഷണത്തില്‍ അഭിരമിക്കുന്ന, പഴയ കുളക്കടവ് സംഭാഷണങ്ങളുടെ തനിപ്പകര്‍പ്പിന് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്ന, രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാജങ്ങള്‍ പ്രചരിപ്പിക്കാനും വ്യക്തികളെ അധിക്ഷേപിക്കാനും മടിക്കാത്ത, സ്വയം നിര്‍ണയിച്ച സദാചാര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിധിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന, രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കു നേര്‍ക്ക് ആക്ഷേപം ചൊരിയുന്നതില്‍ ലജ്ജ തോന്നാത്ത സമൂഹമാണ് ഇപ്പോഴും നമ്മളെന്നത് ഓര്‍ത്തുകൊണ്ടുതന്നെ ഏറെ തിടുക്കത്തില്‍ പ്രാബല്യത്തിലാക്കിയ നിയമ ഭേദഗതിയെ എതിര്‍ക്കാതെ വയ്യ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest