Editorial
118 എ: ഗുരുതര പ്രത്യാഘാതം; തിരുത്തണം

പോലീസ് നിയമത്തില്‍ 118 എ വകുപ്പ് പ്രാബല്യത്തിലായിരിക്കുന്നു. വലിയ വിമര്‍ശനങ്ങളാണ് ഈ നിയമത്തിനെതിരെ ഉയര്‍ന്നു വരുന്നത്. സൈബറിടത്തിലും മറ്റു വിനിമയ ഉപാധികളിലും നടക്കുന്ന വ്യക്തി അധിക്ഷേപങ്ങളെ അതിശക്തമായ വ്യവസ്ഥകള്‍ ചേര്‍ത്ത്, പോലീസിന് വലിയ അധികാരങ്ങള്‍ നല്‍കി തടയുകയാണ് ലക്ഷ്യമെന്നും ഒരു നിലക്കും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനോ വ്യക്തി സ്വാതന്ത്ര്യത്തിനോ ഈ നിയമം വിലങ്ങു തടിയാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്. ഈ വിഷയത്തില്‍ പൊതു ജനങ്ങളുടെയും നിയമ വിദഗ്ധരുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം ആണയിടുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും വഴിവെക്കുന്ന നിയമഭേദഗതിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാകുന്നത്. നിയമ ഭേദഗതിക്കെതിരായ വിമര്‍ശങ്ങളെ ഗൗരവപൂര്‍വം കാണുമെന്ന് സി പി എം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതിന്റെ അര്‍ഥവും മറ്റൊന്നല്ല. പൗരസമൂഹത്തിന്റെ നിശിതമായ പരിശോധനക്കും വിലയിരുത്തലിനും ചര്‍ച്ചക്കും ശേഷം നിലവില്‍ വരേണ്ട നിയമം തിടുക്കത്തില്‍ ചുട്ടെടുത്തതിന്റെ എല്ലാ പ്രശ്‌നങ്ങളും ഈ ഭേദഗതിക്കുണ്ട്.
സൈബറിടത്തിലെ വ്യക്തിഹത്യകള്‍ തടയാന്‍ ശക്തമായ നിയമം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകില്ല. നിലവിലുള്ള നിയമങ്ങള്‍ പുതിയ കാലത്തെ അപകീര്‍ത്തികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരേയുള്ള സൈബര്‍ ലിഞ്ചിംഗിന് തടയിടാന്‍ പര്യാപ്തമല്ല എന്നതിലും ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഫലപ്രദമായി ഇടപെടാനും മാതൃകാപരമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാനും പോലീസിന് സാധിക്കാതിരിക്കുന്നതിന്റെ ഒരു കാരണം നിയമത്തിന്റെ ദൗര്‍ബല്യമാണെന്നും അംഗീകരിക്കാവുന്നതാണ്. ശിക്ഷ കടുപ്പിക്കുകയാണ് കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള വഴിയെന്നതിലും തര്‍ക്കമില്ല. ഇത്തരം അധിക്ഷേപ ആക്രമണങ്ങള്‍ക്ക് വിധേയമായി ജീവിതം ദുസ്സഹമായി തീര്‍ന്ന വ്യക്തികളും കുടുംബങ്ങളും എമ്പാടുമുണ്ട് നമുക്ക് ചുറ്റും. മാധ്യമ വേട്ടയില്‍ മുറിവേറ്റ വ്യക്തികള്‍, സംഘടനകള്‍, നേതാക്കള്‍, മതസമൂഹങ്ങള്‍ എല്ലാം ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമം വേണമെന്ന് തന്നെയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ആ മുറവിളിക്ക് ഉത്തരമായി വരുന്ന നിയമം പൗരാവകാശങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്നതായി തീരുന്നുവെങ്കില്‍ എന്ത് ഗുണഫലമാണ് അതുണ്ടാക്കുക? അധികാരം കൈയിലുള്ളവര്‍ക്ക് എവിടെയും എടുത്തു പ്രയോഗിക്കാവുന്ന ഒരു നിയമനിര്‍മാണമാണോ വേണ്ടത്? പോലീസിന്റെ അമിതാധികാര പ്രയോഗത്തിന് അവസരം നല്‍കുന്നത് എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ?
ഇപ്പോള്‍ നിലവില്‍ വന്ന 118 എ പ്രകാരം സൈബര്‍ അധിക്ഷേപം ബോധ്യപ്പെട്ടാല്‍ വാറണ്ട് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാം. “ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ നല്‍കാമെ”ന്നാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. മജിസ്റ്റീരിയല്‍ പരിശോധനക്ക് വിധേയമാക്കാതെ പോലീസിന് നടപടിയെടുക്കാമെന്നതാണ് ഈ നിയമത്തെ മാരകമാക്കുന്നത്. കോഗ്നിസിബിള്‍ ആയതിനാല്‍ പരാതിക്കാരന്‍ ഇല്ലാതെ തന്നെ പോലീസിന് ഇടപെടാനാകും. ഐ പി സി 499 അനുസരിച്ച് മാനനഷ്ട കേസില്‍ തുടര്‍ നടപടിയെടുക്കണമെങ്കില്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണം. ഇവിടെ അവഹേളിക്കപ്പെട്ടയാള്‍ക്ക് പരാതിയില്ലെങ്കിലും മറ്റൊരാള്‍ക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്.
അപകീര്‍ത്തിയെന്നത് പലപ്പോഴും ആത്മനിഷ്ഠമായതിനാല്‍ ഏത് വിമര്‍ശവും വിശകലനവും ആക്ഷേപമായി വ്യാഖ്യാനിക്കാമെന്ന പ്രശ്‌നമുണ്ട്. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അപകീര്‍ത്തിയില്‍ സത്യത്തിന്റെ പരിരക്ഷയുണ്ട്. എന്നുവെച്ചാല്‍ പറഞ്ഞത് സത്യമാണെങ്കില്‍ അപകീര്‍ത്തി വരുത്തിയെന്ന വാദം ദുര്‍ബലമാകുമെന്നര്‍ഥം. 118 എയില്‍ ഇക്കാര്യം വിശദീകരിക്കുന്നില്ല. ഏതാണ് ശരിയായ വാര്‍ത്ത, ഏതാണ് വ്യാജ വാര്‍ത്ത എന്ന് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളും അവ്യക്തമാണ്. ഇത്തരം നിയമ നിര്‍മാണം സങ്കീര്‍ണമാകുന്നത് വ്യക്തി സ്വാതന്ത്ര്യവുമായും ആവിഷ്‌കാര സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരുന്നത് കൊണ്ടാണ്. ഐ ടി ആക്ടിലെ 66 എ ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയത് ഈ ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതേ വിധിയിലാണ് കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും എടുത്തുകളഞ്ഞത്. ആര്‍ട്ടിക്കിള്‍ 19 (1) നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയാണ്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവവായു. ആക്ഷേപകരമായ ഉള്ളടക്കം എന്ന പ്രശ്‌നം കൃത്യമായ നിര്‍വചനമില്ലാതെ ഉയര്‍ത്തുമ്പോള്‍ ആരോഗ്യകരമായ വിമര്‍ശം പോലും ഒരു പക്ഷേ അസാധ്യമായി വന്നേക്കാം.
നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യമാണെന്നത് ഭരണഘടന അനുശാസിക്കുന്ന ഉന്നത മൂല്യമാണ്. എന്നാല്‍ നിയമം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയല്ല അനുഭവപ്പെടുന്നത്. അധികാരമുള്ളവര്‍ക്കും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ക്കും നിയമം കൂടുതല്‍ പരിരക്ഷ നല്‍കുമെന്നതാണ് അനുഭവം. 118 എയുടെ കാര്യത്തിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്. ഒന്നുകില്‍ ഈ നിയമ ഭേദഗതി പിന്‍വലിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം പുതിയ നിയമനിര്‍മാണം നടത്തുക. അല്ലെങ്കില്‍ കൃത്യമായ മാനണ്ഡങ്ങള്‍ കൊണ്ടുവന്ന് ദുരുപയോഗം തടയുമെന്ന് ഉറപ്പ് വരുത്തുക. ഇതിന് രണ്ടിനും തയ്യാറല്ലെങ്കില്‍ മനുഷ്യാവകാശങ്ങളെ ചുട്ടെരിച്ച കരിനിയമത്തിന്റെ പേരിലാകും ഈ ഇടതുപക്ഷ സര്‍ക്കാര്‍ അടയാളപ്പെടുക.