Connect with us

Cover Story

'നങ്കയ് പഠത്ത് ഒള്ളചെല് ആപ്പക്ക...ട

Published

|

Last Updated

വിനോദ് | ഫോട്ടോ: അജീബ് കൊമാച്ചി

“നങ്കജെതി മക്കനെ പഠിപ്പലെ ബെക്ക മുൻ ന്തെയെ ഇത്തിബരക്ക്. അൻത്തെ ഒള്ള കാര്യയാണ് കരിതിയറത് ” (ആദിവാസി കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യമാണ് എനിക്കുള്ളത്‌) നിലമ്പൂർ കരുളായി മണ്ണളയിലെ ഗുഹയിൽ ജീവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ ഏഷ്യയിലെ ആദ്യ ഗവേഷക വിദ്യാർഥിയായ വിനോദിന്റെ വാക്കുകളാണിത്. കാടു വിട്ടൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്തവരാണ് ചോലനായ്ക്കരെന്ന പ്രാക്തന വിഭാഗം. കാടിന്റെ മക്കൾക്ക് വിദ്യയുടെ വെളിച്ചം വീശിയാൽ സമൂഹത്തിലേക്കിറങ്ങി നല്ലൊരു ജീവിതം നയിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് വിനോദിന്റെ വാക്കുകളിൽ തിടംവെക്കുന്നത്.

കാടിന്റെ തുടിപ്പറിഞ്ഞ് നാട്ടിലെത്തി വിജ്ഞാനത്തിന്റെ പൊൻകിരണമേറ്റുവാങ്ങി വിദ്യാഭ്യാസ മേഖലയിൽ വെന്നിക്കൊടി പാറിക്കുകയാണ് നിലമ്പൂർ കരുളായി മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടേയും മകനായ വിനോദ്. പ്രതിസന്ധി ഘട്ടത്തെയെല്ലാം ആത്മവിശ്വാസത്തോടെയും നിശ്ചയ ദാർഢ്യത്തോടെയും നേരിട്ടപ്പോൾ വിനോദിന് തന്റെ സ്വപ്നങ്ങളെല്ലാം സഫലമായി.
ബാല്യ കാലത്ത് വിനോദിന് കാട്ടിനപ്പുറത്തെ ജീവിതത്തെക്കുറിച്ചൊരു ലോകമുണ്ടായിരുന്നില്ല. കാടായിരുന്നു എല്ലാ വാത്സല്യവും നൽകിയത്. ചെറുപ്പത്തിലെ അപ്പന്റെ കൈപിടിച്ചു വനവിഭവ ശേഖരണത്തിന് പോയി. 22 കിലോ മീറ്റർ പിന്നിട്ടാൽ നിറപ്പകിട്ടാർന്ന മാറ്റൊരു ലോകമുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. ആദ്യ കാലത്ത് കൊടിയ ദാരിദ്ര്യവും വേട്ടയാടിയിരുന്നു. എന്നാൽ, കാടിന്റെ മക്കൾക്ക് കാട് കനിഞ്ഞുനൽകിയ കാട്ടുകിഴങ്ങുകൾ കഴിച്ചും മലഞ്ചെരുവിൽ നിന്ന് തെളിനീർ കുടിച്ചും പക്ഷികളും മൃഗങ്ങളും കാട്ടരുവികളും മാത്രമുള്ള ലോകത്തിലൊതുങ്ങി ജീവിതം.
അഞ്ചാം വയസ്സിൽ തന്നെ എല്ലാ കുരുന്നുകളും മാതാപിതാക്കളുടെ കൂടെ വനവിഭവശേഖരണത്തിലേക്ക് നീങ്ങിയിരുന്നു. മറ്റൊരു ലോകത്തെ ജനസമൂഹത്തെക്കുറിച്ച് അറിവില്ലായിരുന്നു; അക്ഷരങ്ങളും വിദ്യാഭ്യാസവുമെന്നത് അജ്ഞാതവും.

വിദ്യയുടെ ചെപ്പ് തുറക്കാൻ
പച്ചപ്പിന്റെ കാടിറങ്ങുന്നു…

കാടിറങ്ങിയപ്പോൾ പട്ടണവുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. കിർത്താഡ്്സ് ഡയറക്ടറായിരുന്ന എൻ വിശ്വനാഥൻ നായരാണ് വിനോദിനെ വിജ്ഞാനത്തിന്റെ ലോകത്തേക്ക് കൈപ്പിടിച്ചുയർത്തിയത്. വിശപ്പിന്റെ ദുരിതകാലത്ത്, ആറാം വയസ്സിൽ പഴം തരാമെന്ന് പറഞ്ഞാണ് കാടിറക്കിയത്. അറിവ് നുകരാൻ കാട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും പട്ടണത്തിലെ രീതിയോട് പൊരുത്തപ്പെടാനാകാതെ ഉൾക്കാട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട് മഞ്ചേരി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തു. ആദ്യ ഘട്ടത്തിൽ പഠനം ബുദ്ധിമുട്ടായിരുന്നു. ഭാഷയായിരുന്നു പ്രധാന പ്രശ്നം. മലയാളം വഴങ്ങിയിരുന്നില്ല. ക്ലാസെടുക്കുന്നത് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ഗ്രഹിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പുതിയ ഭാഷ, പുതിയ ആളുകൾ, സംസ്‌കാരം എന്നിവ വല്ലാത്തൊരു അപരിചിതത്വമുണ്ടാക്കി. പഠിക്കാൻ കഴിയാത്ത അവസ്ഥ. ക്ലാസ് നിർത്തി നാട്ടിലേക്ക് പോകണമെന്ന് മനസ്സിൽ മൊഴിഞ്ഞു. അതിനായില്ല. നല്ലൊരു നാളേക്കുള്ള തെളിച്ചത്തിനായ് ഇവിടെത്തുടരണമെന്ന് തിരിച്ചറിഞ്ഞ് പിടിച്ചുനിൽക്കാൻ മനസ്സിനെ പാകപ്പെടുത്തി.

ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ്

മഞ്ചേരിയിൽ ആറാം ക്ലാസ് വരെ പഠിച്ചു. തുടർന്ന് നിലമ്പൂർ ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിൽ പഠനം. പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസ്സായി. പിന്നീട് വനവിഭവ ശേഖരണത്തിനും വെട്ട് കല്ല് ക്വാറിയിലേക്കും ജോലിക്ക് പോയി. പത്താം ക്ലാസിനെത്തുടർന്ന് എന്ത് പഠിക്കണമെന്ന ഒരു ബോധ്യമുണ്ടായിരുന്നില്ല. കാട് മാത്രം ലോകമായ വീട്ടുകാർക്കും ധാരണയില്ല. ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് വിജയിച്ചിട്ടും പഠനം അവസാനിപ്പിച്ചതറിഞ്ഞ് അധ്യാപകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഊരിലെത്തി. അവർ നിർബന്ധിച്ചതോടെയാണ് ഉപരി പഠനത്തിന് തയ്യാറായത്.
പത്തനംതിട്ട വടശ്ശേരിക്കര എം ആർ എസിലായിരുന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസം. ഹ്യൂമാനിറ്റീസായിരുന്നു എടുത്തത്. ആ കാലത്ത് കാടിനെ സേവിക്കാൻ റേയ്ഞ്ച് ഓഫീസറാകണമെന്നായിരുന്നു മോഹം. പിന്നീടാണ് മനസ്സിലായത് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസറാകാൻ സയൻസ് എടുക്കണമെന്നത്. അങ്ങനെ ആ സ്വപ്നം പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് സിവിൽ സർവീസ് മോഹമുദിച്ചു.

കോളജ് മുറ്റത്ത്
സ്വപ്നക്കാട് പൂക്കുന്നു…

മാഞ്ചീരി കോളനി സന്ദർശിച്ചപ്പോൾ പ്ലസ്ടു ഉയർന്ന മാർക്കോടെ ജയിച്ചാൽ തന്റെ കോളജിൽ അഡ്മിഷൻ നൽകാമെന്ന് കെ ബാലകൃഷ്ണ പിള്ള വാഗ്ദാനം ചെയ്തിരുന്നു. പ്ലസ്ടു 70 ശതമാനം മാർക്കോടെ വിജയിച്ചു. തുടർന്ന് പാലേമേട് ശ്രീ വിവേകാനന്ദ കോളജിൽ ബിരുദത്തിന് ചേർന്നു. പുതിയ അനുഭവങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പുതിയ സുഹൃത്തുക്കൾ, ഇടപഴകലിലും വ്യത്യസ്തത. കണ്ടു ശീലിച്ചതിൽനിന്നും മറ്റൊരു സംസ്‌കാരമാണ് ഡിഗ്രി പഠന കാലത്ത് സമ്മാനിച്ചത്. കുസാറ്റിൽ എം എക്ക് ചേർന്നു. അപ്ലൈഡ് ഇക്കണോമിക്‌സാണ് എടുത്തിരുന്നത്. അവിടെ നിന്നാണ് എം എഫിൽ പൂർത്തീകരിച്ചത്. ഇപ്പോൾ പി എച്ച് ഡിക്ക് അഡ്മിഷനും ലഭിച്ചു.
കാട്ടുനായ്ക്ക- ചോലനായ്ക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ചാണ് പി എച്ച് ഡി ചെയ്യുന്നത്. കുസാറ്റിൽ ഡോ. പി കെ ബേബിക്ക് കീഴിലാണ് ഗവേഷണം. കോളജിൽ ഏവരും പ്രത്യേക സ്‌നേഹവും കരുതലും നൽകുകയും മനസ്സ് കൊണ്ട് ചേർത്തുപിടിക്കുകയും ചെയ്തെന്ന് വിനോദ് പറയുന്നു. അധ്യാപകരും പ്രത്യേക പരിഗണന നൽകി. ഇത് പഠനത്തിൽ മുന്നേറാൻ പിന്തുണയേകി.

ഭീഷണിയിൽ കാട്ടുമക്കൾ

ഏഷ്യയിൽ അവശേഷിക്കുന്ന ഗുഹാവാസികളായ ചോലനായ്ക്ക വിഭാഗം നിലമ്പൂർ മേഖലയിൽ 500 ൽ താഴെയാണ് ജനസംഖ്യ. മാഞ്ചീരി കോളനിയിൽ 226 പേർ മാത്രമാണുള്ളത്. സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരുന്നു. ഗുഹാ ലോകത്താണ് അവർ ജീവിക്കുന്നത്.മറ്റൊരു ലോകം അവർക്കില്ല.
വേനൽക്കാലമായാൽ ഗുഹയിൽ താമസിക്കും. മഴക്കാലമായൽ വിദൂര സ്ഥലങ്ങളിൽ പോയി ടെന്റ് കെട്ടി താമസിക്കും. പുഴയുടെ സമീപത്തുള്ള ഗുഹയിലാണ് താമസം. വെള്ളം കയറുന്നതിനാലാണ് പിന്നീട് വേനൽക്കാലത്ത് ടെന്റ് കെട്ടുന്നത്. വനവിഭവ ശേഖരമാണ് മുഖ്യ തൊഴിൽ, വന സംരക്ഷണ സമിതിയിലാണ് വനവിഭവങ്ങൾ കൊടുക്കുന്നത്.
ബുധനാഴ്ച റേഷൻ കിട്ടുന്നതിനാൽ ഊരിൽ ഇപ്പോൾ ദാരിദ്ര്യത്തിന് കുറവുണ്ട്. ശിശുമരണ നിരക്കും ഇപ്പോൾ കുറവാണ്. ലിപിയില്ലാത്ത ഭാഷയാണ് ചോലനായ്ക്കർ സംസാരിക്കുന്നത്. കന്നട , തുളു, തോട, കോട എന്നിവയുമായി ബന്ധമുണ്ടെങ്കിലും ഇതൊരു സ്വതന്ത്ര ഭാഷയാണ്.

കിനാവുകളേറെ

“നങ്ക കാട്‌ല് തെച്ചിമക്കവും പഠിപ്പലെ ബെക്ക കാര്യം അല്ലി തന്ന്യ കോടക്ക്, തെണ്ണകാല. ( ഇവിടുത്തെ കുരുന്നുകൾക്ക് ഓൺലൈനിൽ പഠനത്തിന് സൗകര്യമില്ല, അത് ഉടൻ ഒരുക്കണം) പത്താം ക്ലാസ് കഴിഞ്ഞാൽ പഠനം നിർത്തുന്ന രീതിയാണ് ഇവിടെയുള്ളത്. വീട്ടിൽ പിന്തുണ കുറവായിരിക്കും. ഇവരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം. എന്ത് ചെയ്യണം, പഠിക്കണം എന്ന് ധാരണയില്ല. ഊരുകളിൽ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധവത്കരണം നടത്തണം. ഊരിലെ വളർന്നുവരുന്ന പുതുതലമുറക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നൽകി അവരെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ആദിവാസികളുടെ ഉന്നമനത്തിനായി ഒരു ജോലിയാണ് സ്വപ്നമെന്നും അത് സാധിക്കുമെന്ന ഉറച്ച വിശ്വാസവും ദൃഢനിശ്ചയവുമായി മുന്നോട്ടു കുതിക്കുകയാണ് വിനോദ്, കാനനമക്കളെക്കുറിച്ചുള്ള കനമുള്ള കിനാവുകളുമായി.
.