National
റെയില്‍വേ പോലീസിന്റെ അനാസ്ഥ; ട്രെയിനില്‍ മരിച്ചയാളുടെ മൃതദേഹം എലികള്‍ വികൃതമാക്കി

ഭോപ്പാല്‍ | ട്രയിന്‍ യാത്രക്കിടെ മരിച്ചയാളുടെ മൃതദേഹം റെയില്‍വേ പോലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് എലികള്‍ കടിച്ചു വികൃതമാക്കി. മധ്യപ്രദേശിലെ ഭോപ്പാലിന് സമിപം ഇറ്റാര്‍സി നഗരത്തിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പോലീസിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ആഗ്രാ സ്വദേശിയായ ജിതേന്ദ്ര സിംഗ് എന്നയാളെയാണ് വ്യാഴാഴ്ച രാത്രി ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിക്കുകയും മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ശേഷം റെയില്‍വേ പോലീസ് ട്രെയിനില്‍ നിന്ന് മൃതദേഹം പോലീസ് സ്‌റ്റേഷനിന് സമീപത്തുള്ള ഒരു കുടിലില്‍ സൂക്ഷിക്കുകയായിരുന്നു. രാത്രി രണ്ടു മണി വരെ ഇവിടെ സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണുകള്‍ എലികള്‍ കടിച്ചു വികൃതമാക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
പോലീസ് സ്‌റ്റേഷനില്‍ മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി സംവിധാനം ഇല്ലാത്തതിനാലാണ് കുടിലില്‍ സൂക്ഷിച്ചതെന്നാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം. മൃതദേഹത്തിന് കാവലായി ഒരാളെ നിര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു മുമ്പും നിരവധി മൃതദേഹങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നും എന്നാല്‍ എലികള്‍ ആക്രമിക്കുന്നത് ആദ്യ സംഭവമാണെന്നും അവര്‍ വ്യക്തമാക്കി.
മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് റെയില്‍വേയോട് പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. മധ്യപ്രദേശിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷനായ ഇറ്റാര്‍സിയില്‍ ഒരു മാസം നാല് മുതല്‍ ആറ് മൃതദേഹങ്ങള്‍ വരെ ട്രെയിനില്‍ നിന്ന് ലഭിക്കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.