ആശ്രിത നിയമത്തിനായി മകന്‍ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Posted on: November 22, 2020 3:55 pm | Last updated: November 22, 2020 at 9:44 pm

റാഞ്ചി |  പിതാവിന്റെ സര്‍ക്കാര്‍ ജോലി ലഭിക്കാനായി മകന്‍ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയിലാണ് ക്രൂരസംഭവം അരങ്ങേറിയത്. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ ജീവനക്കാരനായ 55 കാരനാണ് കൊല്ലപ്പെട്ടത്.

സിസിഎല്ലിലെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ ഹെഡ് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്ന കൃഷ്ണ റാം ആണ് ക്രൂരതക്കിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.കൃഷ്ണയുടെ 35 വയസ്സുകാരനായ മൂത്ത മകനാണ് കൊലപാതകിയെന്ന് പോലീസ് വ്യക്തമാക്കി. കൃഷ്ണയുടെ മൊബൈല്‍ ഫോണും കൊല്ലാന്‍ ഉപയോഗിച്ച ചെറിയ കത്തിയും പോലീസ് കണ്ടെടുത്തു.

പിതാവിന്റെ ജോലി ലഭിക്കാനാണ് താന്‍ കൊല ചെയ്തതെന്ന് മകന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. സര്‍വ്വീസിലിരിക്കെ ജീവനക്കാരന്‍ മരിച്ചാല്‍ അയാളുടെ അടുത്ത ബന്ധുവിന് ജോലി നല്‍കുക എന്നത് സിസിഎല്ലിന്റെ നയമാണ്. ഇത്തരം ഒരു നിയമനം പ്രതീക്ഷിച്ചായിരുന്നു മകന്‍ കൃഷ്ണയെ കൊലപ്പെടുത്തിയത്‌