മാസ്‌ക്ക് ധരിക്കാത്തവരില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിഴയായി ഈടാക്കിയത് 78 കോടി രൂപ

Posted on: November 22, 2020 3:53 pm | Last updated: November 22, 2020 at 9:44 pm

അഹമ്മദാബാദ് | മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പിഴയായി ഗുജറാത്ത് സര്‍ക്കാര്‍ ഇതുവരെ ഈടാക്കിയത് 78 കോടി രൂപ. സ്റ്റാച്ച്യു ഓഫ് യൂണിറ്റിയുടെ ഒരു വര്‍ഷത്തെ വരുമാനത്തേക്കാള്‍ കൂടുതലാണ് അഞ്ച് മാസം കൊണ്ട് മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കിയ തുക. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആയിരം രൂപയാണ് പിഴയായി ഇൗടാക്കുന്നത്.

26 ലക്ഷം പേരില്‍ നിന്നാണ് 78 കോടി രൂപയിലധികം പിഴ ഈടാക്കിയത്. 2018 ഒക്ടോബര്‍ 31 ന് ഗുജറാത്തിലെ കെവാഡിയയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ സന്ദര്‍ശകരില്‍ നിന്നും അല്ലാതെയുമായി 2019 ഒക്‌ടോബര്‍ 31 വരെ ലഭിച്ചത് 63.50 കോടി രൂപയാണ്. ഇതിനേക്കാള്‍ ഏറെ തുക മാസ്‌ക് ഇനത്തില്‍ സര്‍ക്കാര്‍ ഈടാക്കിക്കഴിഞ്ഞു. അഹമ്മദാബദ് നഗരത്തില്‍ ഒരോമിനുട്ടിലും 120ല്‍ അധികം ആളുകള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ അടക്കുന്നുവെന്നാണ് കണക്കുകള്‍.

സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം അവഗണിച്ച് നിരവധി പേരാണ് മാസ്ക് ധരിക്കാതെ പൊതു സഥലങ്ങളില്‍ എത്തുന്നത്. നേരെത്ത 500 രൂപയായിരുന്ന പിഴ കഴിഞ്ഞ ആഗസ്റ്റിലാണ് ആയിരമായി വര്‍ധിപ്പിച്ചത്. സംസഥാന സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് മാസ്‌ക് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ അതും വാങ്ങാന്‍ തയ്യാറാല്ല. അഞ്ച് മാസ്‌കുകളുടെ ഒരു പാക്കറ്റ് പത്ത് രൂപക്കാണ് സര്‍ക്കാര്‍ നല്‍കുന്നത്.

നിലവില്‍ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെടുന്നവരെ കൊവിഡ് ടെസ്റ്റിനും വിധേയരാക്കുന്നുണ്ട്. ടെസ്റ്റ് നെഗറ്റീവായാല്‍ ആയിരം രൂപ ഫൈന്‍ ഈടാക്കും. പോസിറ്റീവായാല്‍ റിപ്പോര്‍ട്ട് നേരെ ആശുപത്രിയിലേക്ക് അയക്കും. മാസ്‌ക്ക് ധരിക്കാത്തവരെ പിടികൂടാന്‍ 141 പേരടങ്ങിയ ടീമിനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.