Pathanamthitta
തേന്‍ മധുരം പദ്ധതിയും ഇ ടോയ്‌ലറ്റും; മുന്‍കാല ഭരണത്തെ വിചാരണ ചെയ്ത് നേതാക്കള്‍

പത്തനംതിട്ട | ജില്ലാ പഞ്ചായത്ത് ഭരണസംവിധാനം 25 വര്‍ഷം പിന്നിടുമ്പോള്‍ മുന്‍കാല ഭരണകാലഘട്ടത്തെ വിശകലനം ചെയ്തത് പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2020 സംവാദം. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അന്നപൂര്‍ണാദേവി, മുന്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍, സ്ഥാനാര്‍ഥികളായ ഓമല്ലൂര്‍ ശങ്കരന്‍ (സി പി എം), റോബിന്‍ പീറ്റര്‍ (കോണ്‍ഗ്രസ്), അശോകന്‍ കുളനട (ബി ജെ പി) എന്നിവരാണ് ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ കാല ഭരണത്തെ വിശകലനം ചെയ്തത്.
2005- 10 കാലയളവിലെ എല്‍ ഡി എഫ് ഭരണസമിതി മുന്നോട്ടുവച്ച തേന്‍ മധുരം പദ്ധതിയും 2010-15 ഭരണസമിതിയുടെ ഇ ടോയ്‌ലറ്റു പദ്ധതിയും ചര്‍ച്ചയിലെത്തി. തുടര്‍ പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ തേന്‍ മധുരം പദ്ധതിക്ക് പണം ചെലവഴിക്കാനിടയില്ലെന്ന് അക്കാലയളവില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. എന്നാല്‍ തേന്‍ മധുരം പദ്ധതിയുടെ പേരില്‍ എടുത്തിട്ടുള്ള വായ്പകളില്‍ പണം തിരിച്ചടയ്ക്കണമെന്നുള്ള കത്ത് ബാങ്കുകളില്‍ നിന്നു കുടുംബശ്രീകള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് അന്നപൂര്‍ണാദേവി പറഞ്ഞു.
ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതു വരെയുള്ള ചുമതല മാത്രമാണ് ജില്ലാ പഞ്ചായത്തിനുണ്ടായിരുന്നതെന്ന് അന്നപൂര്‍ണാദേവി ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്തുകളാണ് ഇതു പിന്നീട് നടത്തിക്കൊണ്ടുപോകേണ്ടിയിരുന്നത്. ഈ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ഇ ടോയ്‌ലറ്റുകളെ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും അവ പ്രവര്‍ത്തനക്ഷമമാക്കാന്‍ ബുദ്ധിമുട്ടാണെന്ന റിപ്പോര്‍ട്ടാണ് കെല്‍ട്രോണില്‍ നിന്നു ലഭിച്ചതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പല പദ്ധതികളുടെയും നടത്തിപ്പ് ചുമതലയാണ് ജില്ലാ പഞ്ചായത്തിനെ പലപ്പോഴും ഏല്പിക്കുന്നതെന്ന് അന്നപൂര്‍ണാദേവിയും റോബിന്‍ പീറ്ററും ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്‍, ഹരിതകേരളം അടക്കം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള പല മിഷനുകളുമായും ബന്ധപ്പെട്ട പദ്ധതികളുടെ നിര്‍വഹണ ചുമതല ത്രിതല പഞ്ചായത്തുകളെ ഏല്പിക്കാറുണ്ട്. പക്ഷേ ഫണ്ട് നല്‍കാറില്ല. ഇവയുടെ അധ്യക്ഷ പദവിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണെങ്കിലും പല തീരുമാനങ്ങളിലും പങ്കുണ്ടാകില്ല. സര്‍ക്കാര്‍ വിഹിതമില്ലാതെ പല പദ്ധതികളും പഞ്ചായത്തുകളെ ഏല്പിക്കുന്നുണ്ട്. തനതുഫണ്ട് വിനിയോഗിച്ച് പ്രളയകാലത്തും കോവിഡ് കാലത്തും ഒക്കെ പ്രവര്‍ത്തിക്കേണ്ടിവന്നു.
തദ്ദേശസ്ഥാപനങ്ങളുടെ കഴുത്തു ഞെരിച്ച നയസമീപനമായിരുന്നു സര്‍ക്കാരിന്റേത്. പദ്ധതിപണം പോലും കൃത്യമായി നല്‍കിയില്ല. കാലോചിതമായ മാറ്റം മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ടാകണം. പഞ്ചായത്തുകള്‍ക്ക് ഏറ്റെടുക്കാവുന്ന പദ്ധതികളെ സംബന്ധിച്ച നിലവിലെ നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാടിനു ഗുണകരമാകുന്ന പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ അധികാരത്തിലെത്തുന്ന ഭരണസമിതിക്ക് കഴിയണമെന്ന് റോബിന്‍ പീറ്റര്‍ പറഞ്ഞു.
പദ്ധതികളിലൂടെ ചെലവഴിക്കപ്പെടുന്ന പണം സാധാരണക്കാരിലെത്തുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ജില്ലാ ആസൂത്രണസമിതിക്കെന്ന് ഓമല്ലൂര്‍ ശങ്കരന്‍ അഭിപ്രായപ്പെട്ടു. ത്രിതല ഭരണസംവിധാനത്തില്‍ ഏകോപനത്തിന്റെ ചുമതല ആസൂത്രമസമിതിക്കാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോണം. പഞ്ചായത്ത് രാജ് ഭരണസംവിധാനം വന്നതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലൂടെ ചെലവഴിച്ചിരുന്ന പണമാണ് താഴെത്തട്ടിലേക്ക് വന്നത്. ഇതോടെ വകുപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം നേരിട്ടു ലഭിക്കുന്നത് കുറഞ്ഞു. ജി എസ് ടി നികുതി വരുമാനത്തിലടക്കം കേന്ദ്രം കുറവു വരുത്തിയത് താഴെത്തട്ടിലേക്ക് പണം ലഭിക്കുന്നതിലും തടസമായി. നദീ സംരക്ഷണം, ഉത്പാദനവര്‍ധനയ്ക്ക് ഉതകുന്ന പദ്ധതികള്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കാനാണ് എല്‍ ഡി എഫ് താത്പര്യപ്പെടുന്നത്. പത്തനംതിട്ട നഗരത്തിലേതടക്കമുള്ള മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ജില്ലയ്ക്കാകമാനം സംസ്‌കരണ പദ്ധതി ഉണ്ടാകണം. ജില്ലാ സ്റ്റേഡിയം വികസനത്തിലടക്കം വിശാലമായ താത്പര്യങ്ങളാണ് വളര്‍ന്നുവരേണ്ടതെന്ന് ശങ്കരന്‍ പറഞ്ഞു.