കൊവിഡ് സെന്ററിന് തീപിടിച്ചു; പിപിഇ കിറ്റ് ധരിക്കാതെ രണ്ട് വനിതാ ഡോക്ടര്‍മര്‍ രോഗികളെ രക്ഷപ്പെടുത്തി

Posted on: November 22, 2020 1:00 am | Last updated: November 22, 2020 at 1:00 am

ഗ്വാളിയോര്‍ | മധ്യപ്രദേശിലെ ഗ്വാളിയറില്‍ കോവിഡ് സെന്ററിന് തീപിടിച്ചു. ഒന്‍പത് രോഗികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടുത്തമുണ്ടായ ഉടന്‍ പിപിഇ കിറ്റ് പോലും ധരിക്കാതെ രോഗികളെ പുറത്തെത്തിച്ച രണ്ട് വനിതാ ഡോക്ടര്‍മാരുടെ ധൈര്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഗ്വാളിയറിലെ ഏറ്റവും വലിയ ആശുപത്രിയായ ജയരോഗ്യയിലെ കോവിഡ് സെന്ററിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. 9 കൊറോണ രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ധൈര്യപൂര്‍വമായ ഇടപെടല്‍ മൂലം എല്ലാ രോഗികളെയും രക്ഷിക്കാനായി.

ഉച്ചയ്ക്ക് രണ്ട് മണിയോടെ നാലാം നിലയിലെ ഐസിയുവിലായിരുന്നു തീപിടുത്തം. ഇത് അറിഞ്ഞയുടനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നോഡല്‍ ഓഫീസര്‍മാരായ നിലീമ ടണ്ടനും നീലിമ സിങ്ങും നാലാം നിലയിലെത്തുകയും പിപിഇ കിറ്റ് ധരിക്കാന്‍ പോലും നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. അവര്‍ വിവരമറിയിച്ചത് അനുസരിച്ച് മറ്റു ആശുപത്രി സ്റ്റാഫുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രോഗികളില്‍ രണ്ട് പേര്‍ക്ക് നിസാര പൊള്ളലേറ്റതൊഴിച്ചാല്‍ മറ്റുള്ളവര്‍ എല്ലാം പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. മുഴുവന്‍ രോഗികളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് തീ നിയന്ത്രിച്ചത്. തീപിടിത്തത്തില്‍ ഒരു വെന്റിലേറ്റര്‍ കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് പരുക്കേറ്റു. ഇദ്ദേഹം ഐസിയുവിലാണ്.

കൊവിഡ് സെന്ററിന് തീപിടിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ രോഗികളും ബന്ധുക്കള്‍ അടക്കം നിരവധി പേര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.