Connect with us

National

ഉവൈസിയുടെ വളര്‍ച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന് കൂടുതല്‍ കരുത്തേകും: യോഗേന്ദ്ര യാദവ്

Published

|

Last Updated

ന്യൂഡല്‍ഹി |  അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ( എ ഐ എം ഐ എം) പാര്‍ട്ടിയുടെ ദേശീയ അടിസ്ഥാനത്തിലുള്ള വളര്‍ച്ച ഹിന്ദു ഭൂരിഭക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് കൂടുതല്‍ ശക്തിപകരുമെന്ന് യോഗേന്ദ്ര യാദവ്. ദേശീയ തലത്തിലേക്ക് വളരുന്ന “മുസ്ലിം സവിശേഷ രാഷ്ട്രീയം” ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയം കാത്തിരുന്ന ഏറ്റവും മികച്ച പങ്കാളിയാണ്. ഇതോടുകൂടി ഹിന്ദു-മുസ്‌ലിം ഐക്യത്തിന് സഹായിക്കുന്ന എല്ലാ രാഷ്ട്രീയ സാധ്യതകളും ഇല്ലാതാകുന്നു.

ബി ജെ പിയെ രണ്ടാം തവണയും വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചതിലൂടെ ഹിന്ദു ഭൂരിപക്ഷം മതേതര രാഷ്ട്രീയത്തെ പുറന്തള്ളിക്കഴിഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളും മതേതര രാഷ്ട്രീയത്തെ കൈയ്യൊഴിഞ്ഞാല്‍, അത് ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന “മതേതര ഇന്ത്യ” എന്ന ആശയത്തിന്റെ തന്നെ അന്ത്യമായിരിക്കുമെന്ന് ദി പ്രിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.

ഉവൈസിയുടെ പാര്‍ട്ടിയല്ല, അത് മുന്നോട്ടുവെക്കുന്ന ആശയങ്ങളാണ് യഥാര്‍ഥ പ്രശ്നം. നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ മുസ്ലിംങ്ങളുടെ ഭയവും ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്. സ്വന്തം രാജ്യത്ത് രണ്ടാംകിട പൗരന്മാരായാണ് അവര്‍ക്ക് അനുഭവപ്പെടുന്നത്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് തുല്ല്യമാണ് ഇന്ത്യയിലെ മുസ്ലിംങ്ങളുടെ അവസ്ഥ. അതിനേക്കാള്‍ ഭീകരമായതാണ് വരാനിരിക്കുന്നത്. പേടിയും ഉത്കണ്ഠയും നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യം അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ വളര്‍ച്ചക്ക് ഏറെ ഉപകാരപ്രദമാണ്. ഇതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു.