Connect with us

Kerala

യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി; 'പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍ ഉണരുന്ന നഗരങ്ങള്‍' പുതിയ മുദ്രാവാക്യം

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് വാക്‌സിന്‍ എല്ലാ വാര്‍ഡുകളിലും എത്തിക്കുന്നതടക്കമുള്ള വാഗ്ദാനവുമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള യു ഡി എഫ് പ്രകടന പത്രിക പുറത്തിറങ്ങി. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പത്രിക പുറത്തിറക്കിയത്.

അഴിമതിക്കെതിരെ ഒരു വോട്ട് എന്ന യു ഡി എഫിന്റെ ക്യാമ്പയിന്‍ മുദ്രാവാക്യം നേരത്തെ പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രകടന പത്രികയില്‍ നിന്ന് ഇത് ഒഴിവാക്കി. “പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍ ഉണരുന്ന നഗരങ്ങള്‍” എന്നതാണ് പുതിയ മുദ്രാവാക്യം. അഴിമതി, തട്ടിപ്പ് കേസുകളിലായി ലീഗ് എം എല്‍ എമാരായ ഖമറുദ്ദീനും ഇബ്രാഹീം കുഞ്ഞും അറസ്റ്റിലായതോടെ യു ഡി എഫ് മുദ്രാവാക്യം സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പരിഹാസത്തിന് ഇരയായിരുന്നു. ഇതാണോ ഇപ്പോള്‍ മുദ്രാവാക്യം പിന്‍വലിക്കാന്‍ കാരണമെന്ന് വ്യക്തമല്ല.

കൊവിഡ് വാക്സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അത് അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യം ഉണ്ടാവുമെന്നാണ് യു ഡി എഫ് വാഗ്ദാനം. അധികാര വികേന്ദ്രീകരണത്തെ എല്‍ ഡി എഫ് ദുര്‍ബലപ്പെടുത്തിയെന്നും ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും പ്രകടന പത്രിയകയില്‍ ആരോപിക്കുന്നുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്ത അധികാരങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ച് നല്‍കും. പട്ടികജാതി പട്ടിക വര്‍ഗക്ഷേമം ഉറപ്പാക്കുമെന്നും പ്രകടന പത്രിക പറയുന്നു.

Latest