കൊവിഡ് മുക്തനായി; സിം എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

Posted on: November 21, 2020 11:51 am | Last updated: November 21, 2020 at 1:22 pm

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് നല്‍കും. കൊവിഡ് രോഗബാധിതനായ രവീന്ദ്രന്‍ രോഗമുക്തി നേടിയ പശ്ചാത്തലത്തിലാണിത്.

ഇദ്ദേഹത്തെ അടുത്തയാഴ്ച നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് ഇഡി തീരുമാനം. രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. അതിനിടെ പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. കേസിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ സമ്മര്‍ദമുണ്ടെന്നാണ് സ്വപനയുടെ പേരിലുള്ള ശബ്്ദ സന്ദേശത്തില്‍ പറയുന്നത്.