Connect with us

Kerala

ഒരുകോടി രൂപ നഷ്ടപരിഹാരമായി നല്‍കുക, പരസ്യമായി മാപ്പു പറയുക; കെ സുരേന്ദ്രന് മേഴ്സിക്കുട്ടന്റെ വക്കീല്‍ നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം | സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. പരസ്യമായി മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 15 ദിവസത്തിനുള്ളില്‍ അങ്ങിനെ ചെയ്യാത്ത പക്ഷം തുടര്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പി എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. “പ്രസിഡന്റിന്റെ പി എ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായും നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സി പി എമ്മിന്റെ നോമിനിയാണ്. കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയുമെല്ലാം  ശിപാര്‍ശ പ്രകാരമാണ് അവരെ മേഴ്സി കുട്ടന്റെ പി എ ആക്കിയത്. നിരവധി തവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കാര്‍ സ്വര്‍ണക്കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.” ഇങ്ങിനെ പോയി സുരേന്ദ്രന്റെ ആരോപണങ്ങള്‍.

Latest