മെഡിക്കല്‍ പ്രവേശനത്തിന് ‘കൊവിഡ് പോരാളികളുടെ ആശ്രിതര്‍’ പുതിയ സംവരണ വിഭാഗം

Posted on: November 19, 2020 9:07 pm | Last updated: November 20, 2020 at 8:15 am

ന്യൂഡല്‍ഹി |  രാജ്യത്ത് ജീവത്യാഗം ചെയ്ത കൊവിഡ് പോരാളികളുടെ മക്കള്‍ക്ക് എം ബി ബി എസ്, ബി ഡി എസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അഞ്ച് സീറ്റ് വീതമാകും ഇരു കോഴ്‌സിനും കേന്ദ്രപൂളില്‍ നിന്നും സംവരണം നല്‍കുക. 2020 – 21 അധ്യയന വര്‍ഷത്തില്‍ തന്നെ ‘കൊവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗംകൂടി ഉള്‍പ്പെടുത്തും. ‘കൊവിഡ് പോരാളികളുടെ ആശ്രിതര്‍’ എന്ന പേരിലാവും പുതിയ വിഭാഗം അറിയപ്പെടുകയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കൊവിഡ് രോഗികളെ പരിചരിച്ച എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുന്നതിനു വേണ്ടിയാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു. പുതിയ സംവരണ പ്രകാരം കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ അസുഖം ബാധിച്ച് മരിക്കുകയോ കൊവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും പുതിയ സംവരണം.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് പോരാളികളുമായി നേരിട്ട് ഇടപഴകുകയും അവരെ പരിചരിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വോളന്റിയര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയോ, കരാര്‍ അടിസ്ഥാനത്തില്‍ ഉള്ളതോ, ദിവസ വേതനത്തില്‍ ജോലിചെയ്യുന്നതോ ആയവര്‍ക്ക് സംവരണത്തിന് അര്‍ഹതയഉണ്ടാകും.