Connect with us

International

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് പാക് കോടതി

Published

|

Last Updated

ഇസ്ലാമാബാദ് | മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദഅ്‌വ ഗ്രൂപ്പിന്റെ തലവനുമായ ഹാഫിസ് സയീദിന് 10 വര്‍ഷം തടവുശിക്ഷ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ രണ്ടു കേസുകളിലായി ലാഹോര്‍ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതേ കുറ്റത്തിന് മറ്റു രണ്ട് കേസുകളില്‍ 11 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചു വരികയാണ് ഹാഫിസ്. ലാഹോറിലെ ഉയര്‍ന്ന സുരക്ഷയുള്ള കോട്‌ലഖ്പത് ജയിലിലാണ് നിലവില്‍ ഹാഫിസ് ഉള്ളത്.

ഹാഫിസിനൊപ്പം ജമാഅത്തുദഅ്‌വയുടെ മറ്റു മൂന്ന് നേതാക്കള്‍ക്കും ശിക്ഷ ലഭിച്ചു. ഹാഫിസിന്റെ അടുത്ത അനുയായികളായ സഫര്‍ ഇഖ്ബാല്‍, യഹ്യ മുജാഹിദ് എന്നിവര്‍ക്കും പത്തര വര്‍ഷവും മരുമകന്‍ അബ്ദുല്‍ റഹ്മാന്‍ മക്കിക്ക് ആറുമാസവും കോടതി തടവുശിക്ഷ വിധിച്ചു. എ ടി സി കോര്‍ട്ട് നമ്പര്‍ ഒന്ന് ജഡ്ജി അര്‍ഷാദ് ഹുസൈന്‍ ഭുട്ടയാണ് തീവ്രവാദ വിരുദ്ധ വകുപ്പ് (സി ടി ഡി) ഫയല്‍ ചെയ്ത 16/19, 25/19 നമ്പര്‍ കേസുകളില്‍ വാദം കേട്ട ശേഷം വിധി പ്രസ്താവിച്ചത്. 41 കേസുകളാണ് ജമാഅത്തുദ്ദഅ്‌വ നേതാക്കള്‍ക്കെതിരെ സി ടി ഡി ഫയല്‍ ചെയ്തിരുന്നത്. ഇതില്‍ 24 കേസുകളിലെ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ബാക്കിയുള്ളവ എ ടി സി കോടതികളില്‍ വിധി കാത്തുകിടക്കുകയാണ്.

ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെടാനിടയായ 2008ലെ മുംബൈ ആക്രമണം നടത്തിയ ലഷ്‌കര്‍ ഇ ത്വയ്യിബയുടെ മുന്നണി ഗ്രൂപ്പാണ് ഹാഫിസിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅ്‌വ.

Latest