ജമാഅത്തിന് സീറ്റ്: കോൺഗ്രസിൽ പ്രതിഷേധം; കൂട്ടരാജി

ചെറുവണ്ണൂരിൽ എം കെ രാഘവനുമായി വാക്കുതർക്കം
Posted on: November 19, 2020 11:20 am | Last updated: November 19, 2020 at 11:21 am


കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിക്ക് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് ചെറുവണ്ണൂരിലെ കോൺഗ്രസിൽ കൂട്ടരാജി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഉൾപ്പെടെ 16 നേതാക്കളാണ് രാജി നൽകിയത്. നേരത്തെ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചുകൊണ്ടിരുന്ന സീറ്റിൽ വെൽഫയർ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂമിനെ യു ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അയനിക്കാട് ഉണ്ണികൃഷ്ണൻ, ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി കൃഷ്ണൻ, സെക്രട്ടറിമാരായ പി പി മുഹമ്മദ് റിയാസ്, അബ്ദുസ്സമദ് പി പി, ചെറുവണ്ണൂർ വെസ്റ്റ് കോൺഗ്രസ് ഡിവിഷൻ് ജനറൽ സെക്രട്ടറി ശഹബാസ്, വൈസ് പ്രസിഡന്റ് എം പി ശങ്കർ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അമൽ, മിഥുൻ തുടങ്ങിയവരാണ് രാജി നൽകിയത്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ കൂടുതൽ പേർ രാജിവെക്കുമെന്നാണ് വിവരം.

കോഴിക്കോട് കോർപറേഷനിൽ മൂഴിക്കൽ, ചെറുവണ്ണൂർ വെസ്റ്റ് വാർഡുകളാണ് വെൽഫയറിന് നൽകിയത്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി മൂഴിക്കലിൽ മുസ്‌ലിം ലീഗിലുണ്ടായ വിവാദത്തിന്റെ പിറകെയാണ് ചെറുവണ്ണൂരിലെ കൂട്ടരാജി. ഇത് ജമാഅത്തുമായി യു ഡി എഫ് ഉണ്ടാക്കിയ രഹസ്യധാരണ പലയിടത്തും പാളുകയാണെന്നതിന്റെ സൂചനയാണ്.

കോർപറേഷനിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദേശമനുസരിച്ച് ഡിവിഷനിൽ സ്ഥാനാർഥിയായി പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് ജില്ലാ നേതൃത്വത്തിന് നൽകിയിരുന്നു. എന്നാൽ, ഇതിന് മുമ്പ് ഡിവിഷൻ വെൽഫയറിന് നൽകി നേതൃത്വം രഹസ്യധാരണയുണ്ടാക്കി തങ്ങളെ വഞ്ചിച്ചുവെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്.
ചെറുവണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിലെ പ്രതിഷേധം കനത്തതോടെ ചൊവ്വാഴ്ച രാത്രി എം കെ രാഘവൻ എം പിയുടെയും ഡി സി സി പ്രസിഡന്റ് രാജീവൻ മാസ്റ്ററുടെയും നേതൃത്വത്തിൽ പ്രാദേശിക നേതാക്കളുടെ പ്രത്യേക കൺവൻഷൻ വിളിച്ചു ചേർത്തിരുന്നു.

ഈ യോഗത്തിൽ സീറ്റ് വെൽഫയർ പാർട്ടിക്ക് നൽകിക്കൊണ്ടുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പ്രദേശത്തെ ഒരു കോൺഗ്രസ് നേതാവും എം പിയുമായി രൂക്ഷമായ വാഗ്വാദം ഉണ്ടായി. ശേഷം യോഗത്തിൽ നിന്ന് എം കെ രാഘവനും രാജീവൻ മാസ്റ്ററും ഇറങ്ങിപ്പോകുകയായിരുന്നു.
അതേസമയം, യു ഡി എഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഇവിടെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

എ ഗ്രൂപ്പ് സീറ്റ് പിടിച്ചെടുത്തുവെന്ന്;
കെ പി സി സി അപ്പീൽ കമ്മിറ്റിക്ക് പരാതി

കോർപറേഷനിൽ വലിയങ്ങാടി, പുഞ്ചപ്പാടം സീറ്റുകൾ എ ഗ്രൂപ്പ് പിടിച്ചെടുത്തുവെന്ന് ഐ ഗ്രൂപ്പിന്റെ പരാതി. കഴിഞ്ഞ രണ്ട് തവണ ലോക്് താന്ത്രിക് ജനതാദൾ മത്സരിച്ച വലിയങ്ങാടി നേരത്തേ കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റേതായിരുന്നു. കൂടാതെ, പുഞ്ചപ്പാടത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന്റെ സ്ഥനാർഥിയായ ലൈലയാണ് മത്സരിച്ചത്.

എന്നാൽ, ഇത്തവണ എ ഗ്രൂപ്പുകാരായ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തേ ഈ രണ്ട് വാർഡുകളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനെത്തുടർന്ന് സംസ്ഥാന അപ്പീൽ കമ്മിറ്റിയെ സമീപിക്കാനായിരുന്നു നിർദേശം. എന്നാൽ, എ ഗ്രൂപ്പുകാരനായ ഡി സി സി പ്രസിഡന്റ് രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഈ തീരുമാനം ലംഘിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഇത് സംബന്ധിച്ച് കോൺഗ്രസ് ഐ ഗ്രൂപ്പ് കെ പി സി സി അപ്പീൽ കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. പുഞ്ചപ്പാടത്ത് എ ഗ്രൂപ്പിലെ രാജീവൻ തിരുവച്ചിറയും വലിയങ്ങാടിയിൽ എസ് കെ അബൂബക്കറുമാണ് നിലവിൽ യു ഡി എഫ് സ്ഥാനാർഥികൾ.