Connect with us

Kerala

ആശുപത്രി സ്ഥാപിക്കാൻ കോടികളുടെ നിക്ഷേപം: ഡോ. ഫസൽ ഗഫൂറിനെതിരെ പരാതി

Published

|

Last Updated

കോഴിക്കോട് | ഡോ.ഫസൽ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി. കോഴിക്കോട് ഗോവിന്ദപുരത്ത് മിനിബൈപാസിൽ സംയുക്ത സംരംഭമായി എം ഇ എസുമായി ചേർന്ന് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാമെന്ന് പ്രലോഭിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിലുള്ളത്.
മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിലും കോഴിക്കോട് നടക്കാവ് സ്റ്റേഷനിലുമായി രണ്ട് ഡോക്ടർമാരാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 13,93,577 രൂപ നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്ന് പ്രമുഖ പീഡിയാട്രിക് സർജനും തിരൂർ നഴ്‌സിംഗ് ഹോം ഉടമയുമായ ഡോ. അബ്ദുൽനാസറും 26 ലക്ഷം രൂപ വാങ്ങിയെന്ന് ഫറോക്ക് കോയാസ് ആശുപത്രിയിലെ സർജൻ ഡോ. സി വി സലീമുമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ 46 പേരിൽ നിന്നായി കോടിക്കണക്കിന് രൂപ സമാഹരിച്ചിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഈ പദ്ധതിയിലേക്കെന്നും പറഞ്ഞ് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പ്രമോട്ടറായി തുടങ്ങിയ ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് എന്ന കമ്പനിക്കായി കോഴിക്കോട് ഗോവിന്ദപുരത്ത് ഫസൽ ഗഫൂറിന്റെ മകൻ ഡോക്ടർ റഹീം ഗഫൂർ 90 സെന്റ് ഭൂമി വാങ്ങി. ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് എന്ന കമ്പനിയിൽ എം ഇ എസിന് ഷെയറുണ്ടെന്നും കമ്പനിയുടെ പ്രവർത്തനങ്ങളിൽ സംഘടനക്ക് വ്യക്തമായ നിയന്ത്രണമുണ്ടെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നുവത്രെ.

ഒരു കാലത്തും കെട്ടിട നിർമാണത്തിന് അനുമതി കിട്ടാനിടയില്ലാത്ത നഞ്ച ഭൂമിയിൽ തുടങ്ങിയ നിർമാണം 2016 മുതൽ നിയമപരമായി തടസ്സപ്പെട്ടു. നിർമാണത്തിന് വേണ്ട അനുമതികൾ ലഭിക്കുന്നതിന് മുമ്പേ പൈലിംഗ് അടക്കമുള്ള നിർമാണ പ്രവർത്തങ്ങൾ നടത്തിയത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. നിക്ഷേപകർ രേഖാമൂലം നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിക്ഷേപകരുടെ യോഗം വിളിക്കുകയോ ഇത് വരെ ഷെയർ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ല. ഇപ്പോൾ ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് കമ്പനിയുടെ പ്രവർത്തനവും ആശുപത്രി പദ്ധതിയും പൂർണമായി നിലച്ച മട്ടാണ്. കമ്പനിയുടെ മിനി ബൈപാസിൽ വാടകക്കെടുത്ത രജിസ്റ്റേർഡ് ഓഫീസ് 2016 മുതൽ അടഞ്ഞുകിടക്കുകയാണ്. നിലവിൽ കമ്പനിക്ക് എവിടെയും ഓഫീസ് ഉള്ളതായി അറിവില്ല.

കമ്പനി രജിസ്ട്രാർക്ക് ഔദ്യോ ഗികമായി സമർപ്പിച്ച രേഖകളിൽ വ്യപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഡോ. ഫസൽ ഗഫൂറിനെ കൂടാതെ മകൻ പി എ റഹീം ഫസൽ, എം ഇ എസ് ജനറൽ സെക്രട്ടറി പി ഒ ജെ ലബ്ബ എന്നിവരെ പരാതിയിൽ രണ്ടും മൂന്നും പ്രതികളായി ചേർത്തിട്ടുണ്ട്.

നേരത്തേ, എം ഇ എസിന്റെ ഫണ്ട് തിരിമറി ചെയ്തുവെന്ന പരാതിയിൽ പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ നടക്കാവ് പോലീസ് കേസെടുത്തിരുന്നു. എം ഇ എസ് ജനറൽ സെക്രട്ടറി പ്രൊഫ. പി ഒ ജെ ലബ്ബ കേസിൽ രണ്ടാം പ്രതിയാണ്. എം ഇ എസ് അംഗമായ എൻ കെ നവാസ് ആണ് പരാതിക്കാരൻ.
വഞ്ചനാക്കുറ്റം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഫസൽ ഗഫൂറിനെതിരേ ചുമത്തിയിരുന്നത്. എം ഇ എസിന്റെ അക്കൗണ്ടിൽ നിന്ന് 2011 ൽ 3.7 കോടി രൂപ റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്കും 2012 ഒക്ടോബറിൽ 11.82 ലക്ഷം രൂപ മകൻ എം ഡിയായ കമ്പനിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നും ഈ തുക തിരിച്ചെത്തിയില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.

നവാസ് നേരത്തേ നടക്കാവ് പോലീസിൽ സമർപ്പിച്ച പരാതിയിൽ കേസെടുക്കാത്തതിനെത്തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതി സംഘടനയിലെ ചേരിപ്പോരിന്റെ ഭാഗമെന്ന് ഫസൽ ഗഫൂർ

തനിക്കെതിരെയുള്ള നിക്ഷേപ തട്ടിപ്പ് പരാതി സംഘടനക്കകത്തെ ചേരിപ്പോരിന്റെ ഭാഗമാണെന്ന് ഡോ. ഫസൽ ഗഫൂർ.
കോഴിക്കോട് ഗോവിന്ദപുരത്ത് സ്ഥലം വാങ്ങി ആശുപത്രി സ്ഥാപിക്കാനുള്ള പദ്ധതി പിന്നീട് വിജയകരമല്ലെന്ന് കണ്ട് ഉപേക്ഷിച്ചതാണ്. സമീപത്തുള്ള എം ഇ എസിന്റെ ഭൂമിയോട് ചേർന്നാണ് ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് എന്ന കമ്പനിക്കായി സ്ഥലം വാങ്ങിയത്.
പിന്നീട് എം ഇ എസും കമ്പനിയും കൂടി സംയുക്തമായി കെട്ടിട നിർമാണത്തിന് അപേക്ഷിക്കുകയായിരുന്നു.

നിർമാണത്തിന് അനുമതിയും ലഭിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണം കളവാണ്. എന്നാൽ, ആശുപത്രി സ്ഥാപിക്കാമെന്ന പദ്ധതി വിജയകരമല്ലെന്ന് കണ്ടെത്തിയതിനാലാണ് ഉപേക്ഷിച്ചത്. ഇക്കാര്യം എം ഇ എസിന്റേയും ഫെയർഡീൽ കമ്പനിയുടേയും മിനുട്ട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകർക്ക് അവരുടെ നിക്ഷേപതോതനുസരിച്ച് ഭൂമിയിൽ നിലവിൽ വിഹിതമുണ്ടെന്നും ഡോ. ഫസൽ ഗഫൂർ പറഞ്ഞു.

---- facebook comment plugin here -----

Latest