Connect with us

Fact Check

FACT CHECK: ബിഹാറില്‍ ബി ജെ പി- എ ഐ എം ഐ എം ബന്ധം ആരോപിക്കുന്ന കെജ്രിവാളിന്റെ വീഡിയോ പുതിയതോ?

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും അസദുദ്ദീന്‍ ഉവൈസി എം പിയുടെ എ ഐ എം ഐ എമ്മും തമ്മില്‍ രഹസ്യ ഇടപാടുണ്ടെന്ന് ആരോപിക്കുന്ന എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: ഗുജറാത്തില്‍ നിന്നുള്ള ബി ജെ പിയുടെ മുന്‍ എം എല്‍ എ യാതിന്‍ ഓസയുടെ കത്ത് കെജ്രിവാള്‍ വായിക്കുന്നതാണ് വീഡിയോയിലുള്ളത്. പതിനഞ്ചാം തീയതി പുലര്‍ച്ചെ മൂന്നിന് അക്ബറുദ്ദീന്‍ ഉവൈസിയും അമിത് ഷായും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തി. മുസ്ലിം ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഉവൈസി സമ്മതിച്ചു. ഉവൈസി വര്‍ഗീയ പ്രസംഗങ്ങളും നടത്തും. ഇതിനാവശ്യമായത് ഷാ നല്‍കും.

യാഥാര്‍ഥ്യം: 2016 ജൂലൈ 18ന് യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണിത്. യഥാര്‍ഥ വീഡിയോയില്‍ കത്തിന്റെ തീയതിയായി കെജ്രിവാള്‍ പറയുന്നത് 2015 സെപ്തംബര്‍ 15 എന്നാണ്. പ്രചരിക്കുന്ന വീഡിയോയില്‍ 15 എന്ന് മാത്രമാണുള്ളത്. മാത്രമല്ല, ഇപ്രാവശ്യം ബിഹാറിലെ വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടന്നത്. പക്ഷേ പ്രചരിക്കുന്ന വീഡിയോയില്‍ വോട്ടെടുപ്പ് തീയതിയായി നവംബര്‍ അഞ്ച് എന്നാണ് കെജ്രിവാള്‍ പറയുന്നത്. ഇതും 2015ലെ തിരഞ്ഞെടുപ്പ് ആണെന്നാണ് സൂചിപ്പിക്കുന്നത്.