National
ലേ നഗരത്തെ ചെെനയുടെ ഭാഗമായി കാണിച്ചതിൽ ട്വിറ്റർ രേഖാമൂലം മാപ്പ് പറഞ്ഞു

ന്യൂഡൽഹി | ജിയോ ലൊക്കേഷൻ സേവനത്തിൽ ലഡാക്കിലെ ഏറ്റവും വലിയ നഗരമായ ലേയെ ചൈനയുടെ ഭാഗമായി കാണിച്ച് ഇന്ത്യയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ രേഖാമൂലം മാപ്പ് പറഞ്ഞു. മാപ്പപേക്ഷിച്ച് ട്വിറ്റർ പാർലമെന്ററി പാനലിന് സത്യവാങ്മൂലം നൽകിയതായി ബിജെപി എംപി മീനാക്ഷി ലെഖി അറിയിച്ചു. നവംബർ 30 നകം പിശക് പരിഹരിക്കാമെന്ന് അവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതായും അവർ പറഞ്ഞു.
ട്വിറ്ററിന്റെ ചീഫ് പ്രൈവസി ഓഫീസർ ഡാമിയൻ കരിയൻ ഒപ്പിട്ട സത്യവാങ്മൂലമാണ് പാർലമെന്ററി പാനലിന് നൽകിയത്. ലേയെ ചെെനയുടെ ഭാഗമായി ചിത്രീകരിച്ച നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതിന് പിന്നാലെയാണ് ട്വിറ്റർ മാപ്പപേക്ഷിച്ച് രംഗത്ത് വന്നത്. സോഷ്യ്രൽ മീഡിയയിലും ട്വിറ്ററിനെതിരായ പ്രതിഷേധം ശക്തമായിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തോടും സമഗ്രതയോടും ഉള്ള അനാദരവ് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വകാര്യ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പരിശോധിക്കുന്ന പാർലമെന്ററി സമിതിക്ക് മുമ്പാകെയും കഴിഞ്ഞ മാസം ട്വിറ്റർ അധികൃതർ ഹാജരായിരുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തുറസ്സും സുതാര്യതയും ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമിതിക്ക് മുമ്പാകെ ഹാജരായ ശേഷം ട്വിറ്റര്‍ വക്താവ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ മുതൽ ലഡാക്കിൽ ഇന്ത്യയും ചെെനയും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് ലേയെ ചെെനയുടെ ഭാഗമായി ചിത്രീകരിച്ച് ട്വിറ്റർ വിവാദം സൃഷ്ടിച്ചത്.