Connect with us

Gulf

ജി-20 രാജ്യങ്ങളിലെ സാമ്പത്തിക പട്ടികയില്‍ സഊദി അറേബ്യ പതിനാറാം റാങ്കില്‍

Published

|

Last Updated

റിയാദ് | ആഗോള വ്യപകമായി പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിക്കിടയിലും ജി-20 രാജ്യങ്ങളുടെ സാമ്പത്തിക ശക്തികളില്‍ പതിനാറാം റാങ്ക് നിലനിര്‍ത്തി സഊദി അറേബ്യ. ആഭ്യന്തര ഉത്പാദനത്തില്‍ 793 ബില്യണ്‍ ഡോളറിന്റെ ഉത്പാദന വളര്‍ച്ച നേടിയാണ് പട്ടികയില്‍ ഇടം നേടിയത്. 2018 ലും പതിനാറാം റാങ്കിലായിരുന്നു സഊദി. 2017 ല്‍ റാങ്കിംഗ് 17 ാം സ്ഥാനത്തായിരുന്നു.

നവംബര്‍ 21, 22 തീയതികളില്‍ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന വിര്‍ച്വല്‍ ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് റാങ്കിംഗ് പട്ടിക പുറത്തുവന്നിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി 20 രാജ്യങ്ങള്‍ അഞ്ച് ലക്ഷം കോടി സാമ്പത്തിക സഹായം നല്‍കിയിരുന്നു. 2019 ല്‍ ജി 20 രാജ്യങ്ങളുടെ ജി ഡി പി 67.9 ട്രില്യണ്‍ ഡോളറായിരുന്നു. ജി 20യിലെ 15 രാജ്യങ്ങള്‍ ഒരു ട്രില്യണ്‍ ഡോളറില്‍ കൂടുതലും നാല് രാജ്യങ്ങള്‍ ഒരു ട്രില്യണില്‍ കുറവുമാണ് ജി ഡി പി രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, ചൈന, ജപ്പാന്‍, ഇന്ത്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, കാനഡ, റഷ്യ, ദക്ഷിണ കൊറിയ, ആസ്ത്രോലിയ, മെക്‌സിക്കോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പതിനഞ്ച് റാങ്കില്‍ ഇടം നേടിയത്.

1990ല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലും മെക്‌സിക്കോയിലുമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ വികസ്വര രാജ്യങ്ങളുടെ ഫോറമായ ജി 20 1999 ലാണ് നിലവില്‍ വന്നത്. ഈ വര്‍ഷത്തെ ഉച്ചകോടിക്ക് മുന്നോടിയായി ധനമന്ത്രിമാരും കേന്ദ്ര ബേങ്ക് ഗവര്‍ണര്‍മാരും പങ്കെടുത്ത ഉന്നതതല ഉച്ചകോടികള്‍ ആതിഥേയരായ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏഷ്യയില്‍ നിന്നും ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, സഊദി അറേബ്യ എന്നിവയാണ് ജി 20 ലെ അംഗരാഷ്ട്രങ്ങള്‍.

Latest