International
പെറുവില്‍ വീണ്ടും അധികാരമാറ്റം: ഫ്രാന്‍സിസ്‌കോ സഗസ്തി പുതിയ ഇടക്കാല പ്രസിഡന്റ്

ലിമ | രാഷ്ട്രയ അനിശ്ചിതത്വം തുടരുന്ന പെറുവിന്റെ പുതിയ ഇടക്കാല പ്രസിഡന്റായി ഫ്രാന്‍സിസ്‌കോ സഗസ്തി (76) അധികാരമേറ്റു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് അധികാരത്തിലെത്തുന്ന മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പു വരെയാണ് ഇടക്കാല പ്രസിഡന്റിന്റെ കാലാവധി.
കഴിഞ്ഞ ഞായറാഴ്ചയാണ് മറ്റൊരു ഇടക്കാല പ്രസിഡന്റ് മാനുവല്‍ മെറിനോ രാജിവെച്ചത്. അതിന് തൊട്ടുമുമ്പാണ് അഴിമതി ആരോപണത്തിന്റെ പേരില്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസാരയെ നീക്കിയത്. തുടര്‍ന്നാണ് ഇടക്കാല പ്രസിഡന്റുമാര്‍ വേണ്ടി വന്നത്. മാര്‍ട്ടിന്‍ വിസാരക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്‌മെന്റ്. വിസ്‌കാരയെ പുറത്താക്കുന്നതിനെതിരേ വോട്ടുചെയ്ത ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയര്‍കൂടിയായ പുതിയ പ്രസിഡന്റ് സഗാസ്തി.
വിസ്‌കാരയുടെ ഇംപീച്ച്‌മെന്റ് രാജ്യത്ത് പരക്കെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. വിസാരെക്കു പിന്നാലെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ മാനുവല്‍ മൊറീനോ അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ച രാജിവയ്ക്കുകയായിരുന്നു. സഗസ്തിയുടെ നിയമനം ഇപ്പോഴുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.