മദ്റസാ വിദ്യാർഥിനികൾക്ക് വെളുത്ത മുഖമക്കന; നിര്‍ദേശം നേരത്തേ നടപ്പിലാക്കി സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

Posted on: November 17, 2020 7:04 pm | Last updated: November 17, 2020 at 7:04 pm

കോഴിക്കോട് | അതിരാവിലെയും രാത്രിയും മദ്‌റസാ പഠനത്തിനും മറ്റും പോകുന്ന കുട്ടികള്‍ വെളുത്ത നിറത്തിലുള്ള മുഖമക്കന ധരിക്കണമെന്ന നിര്‍ദേശം ഒരുപടി മുന്നില്‍ നടപ്പിലാക്കി സുന്നി വിദ്യാഭ്യാസബോര്‍ഡ്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ക്ക് നേരത്തേ തന്നെ നല്‍കിയിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അറിയിച്ചു.

ബാലവകാശ കമ്മീഷന്‍ അധികൃതര്‍ നേരത്തേ വിദ്യാഭ്യാസ ബോര്‍ഡുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. തീര്‍ത്തും ഉചിതമായ നിര്‍ദേശമാണെന്ന് മനസ്സിലാക്കിയാണ് ബോര്‍ഡ് മദ്‌റസകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നത്.

അതെസമയം, അതിരാവിലെയും രാത്രിയും മദ്്റസാ പഠനത്തിനും മറ്റും പോകുന്ന കുട്ടികള്‍ വെളുത്ത മുഖമക്കന ധരിക്കാനുള്ള ബാലവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികള്‍ വെളുത്ത മുഖമക്കന ധരിക്കുന്നത് സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശം പുറപ്പെടുവിക്കാനും ഇത് റോഡ് സുരക്ഷാക്ലാസുകളിലും മറ്റും പ്രചരിപ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തേ പട്ടാമ്പി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇത് സംബന്ധിച്ച് നല്‍കിയ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ബാലവകാശ കമ്മീഷന്‍ സ്വമേധയാ നടപടിയുമായി മുന്നോട്ട് വന്നത്.

അതിരാവിലെ മദ്‌റസാ പഠനത്തിന് പോകുന്ന കുട്ടികള്‍ കറുത്ത നിറത്തിലുള്ള മുഖമക്കനയും പര്‍ദയും ധരിക്കുന്നതിനാല്‍ വാഹനം വളരെ അടുത്തെത്തുമ്പോള്‍ മാത്രമേ ഡ്രൈവര്‍മാര്‍ക്ക് കുട്ടികളെ കാണാന്‍ കഴിയുന്നുള്ളൂവെന്നും കറുത്തതിന് പകരം വെളുത്ത മുഖമക്കന ധരിച്ചാല്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുമെന്നും പല ഡ്രൈവര്‍മാരും റോഡ് സുരക്ഷാ ക്ലാസുകളിലും മറ്റും ഉന്നയിച്ചതായ് പട്ടാമ്പി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബാലവകാശ കമ്മീഷന്‍ മുമ്പില്‍ ബോധിപ്പിക്കുകയുണ്ടായി.