Connect with us

Socialist

കുടുംബം പുലര്‍ത്താന്‍ എം ബി ബി എസ് അഡ്മിഷന്‍ എടുക്കുന്നവര്‍ കേള്‍ക്കണം ഈ ഡോക്ടറുടെ വാക്കുകള്‍

Published

|

Last Updated

എം ബി ബി എസ് ഫീസ് ഉയര്‍ത്താന്‍ സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 11 ലക്ഷം മുതല്‍ 22 ലക്ഷം വരെയാക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. അതായത് ആകെ ഫീസ് 44 ലക്ഷം മുതല്‍ 88 ലക്ഷം വരെയാകും.

ഈ പശ്ചാത്തലത്തില്‍ ജീവിക്കാന്‍ വേണ്ടി എം ബി ബി എസ് പഠിക്കാനുദ്ദേശിക്കുന്ന സാധാരണക്കാര്‍, പ്രത്യേകിച്ച് നാട്ടിലെ ഇടത്തരക്കാര്‍ ഭീമന്‍ ഫീസ് കൊടുത്ത് സ്വാശ്രയ കോളജുകളില്‍ അഡ്മിഷന്‍ നേടരുതെന്ന് പറയുകയാണ് ഡോ.നെല്‍സണ്‍ ജോസഫ്. തന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഈ ഓര്‍മപ്പെടുത്തല്‍. അരക്കോടി മുതല്‍ ഒരു കോടി വരെ ഫീസ് കൊടുത്ത് പഠിക്കാനിറങ്ങുന്ന സാധാരണക്കാര്‍ക്ക് വലിയ രീതിയില്‍ ലോണെടുക്കേണ്ടി വരും.

ഈ ലോണ്‍ അടച്ചുതീര്‍ക്കുകയാകും പിന്നെ ജീവിതം മുഴുവനും. എം ബി ബി എസ് കൊണ്ട് മാത്രം കാര്യവുമുണ്ടാകില്ല. പി ജിയും സെപ്ഷ്യാലിറ്റിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുമെല്ലാം എടുക്കുമ്പോഴേക്കും ഒരു വ്യാഴവട്ടക്കാലം പിന്നിടും. ഇതിനെല്ലാം ഭീമമായ സാമ്പത്തിക ചെലവുമുണ്ടാകും. ഇത്രയുമാകുമ്പോഴേക്കും ജീവിതം പിന്നീടുണ്ടാകില്ലെന്നും പറയുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എം.ബി.ബി.എസ് ഫീസ് സ്വാശ്രയ കോളജുകളിൽ 22 ലക്ഷം വരെ ഉയർത്താൻ ആവശ്യപ്പെട്ടുവെന്ന വാർത്ത വായിച്ചു. 11 ലക്ഷം തൊട്ട് 22 ലക്ഷം വരെയാക്കണമെന്നാണ് വിവിധ കോളജുകളിൽ നിന്നുള്ള ആവശ്യം.
എന്ന് വച്ചാൽ ആകെ ഫീസ് 44 ലക്ഷം തൊട്ട് 88 ലക്ഷം വരെ.
അപ്പൊ എം.ബി.ബി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
1. സാധാരണക്കാർ – പ്രത്യേകിച്ച് ലോവർ മിഡിൽ ക്ലാസുകാരും അതിൽത്താഴെയുള്ളോരും ഈ ഫീസ് കൊടുത്ത് സ്വാശ്രയ കോളജിൽ അഡ്മിഷനെടുക്കാൻ മുതിരരുത്.
2005ൽ എടുത്ത, ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായി ഞാൻ കരുതുന്നത് അന്ന് ലോണെടുത്ത് സ്വാശ്രയ മെഡിക്കൽ കോളജിൽ ചേർന്നില്ല എന്നുള്ളതാണ്.
അന്ന് ഫീസ് 11 ലക്ഷമോ 22 ലക്ഷമോ അല്ല 1.13 ലക്ഷം മാത്രമാണ്. അതുകൊണ്ട് എം.ബി.ബി.എസ്. കഴിഞ്ഞ് പി.ജിക്ക് പഠിച്ചപ്പൊഴും പി.ജി.ചെയ്തപ്പൊഴും അടയ്ക്കാനുള്ള ലോണിനെക്കുറിച്ചോർത്ത് ടെൻഷനടിച്ച് മരിച്ചില്ല.
2. എം.ബി.ബി.എസ് എടുക്കണമെന്ന് അത്ര ആഗ്രഹമുള്ളോർ പഠിച്ച് എൻ്റ്രൻസെഴുതി സർക്കാർ മെഡിക്കൽ കോളജിൽ തന്നെ അഡ്മിഷൻ വാങ്ങിക്കൊള്ളുക.
ഒരു വർഷം കിട്ടിയില്ലെങ്കിൽ വേണമെങ്കിൽ അടുത്ത വർഷം കൂടി പരിശ്രമിക്കാവുന്നതേയുള്ളൂ. അതും കഴിഞ്ഞ് ഒരു വർഷം കൂടെ കാത്തിരിക്കാനുള്ള പ്രത്യേകത ഇതിനുണ്ടെന്ന് തോന്നുന്നില്ല.
സാധാരണക്കാർക്ക് നല്ലത് ചെയ്യുകയെന്നതാണ് നിങ്ങളുടെ മോട്ടിവേഷനെങ്കിൽ അത് ചെയ്യാൻ കഴിയുന്ന, നിങ്ങൾക്കും ജീവിച്ചുപോവാൻ കഴിയുന്ന വേറെ ഒരുപാട് വഴികളുണ്ടാവും.
3. 11 ലക്ഷം വച്ച് കണക്കുകൂട്ടിയാൽ ഉള്ള 44 ലക്ഷം ഫീസ് മാത്രമാണെന്നോർത്തോണം. പഠിക്കാനുള്ള പുസ്തകവും ബാക്കിയുള്ള അൽക്കുൽത്ത് സാധനങ്ങളുമൊന്നും അക്കൂട്ടത്തിൽ ഫ്രീയായി കിട്ടില്ല. കാശ് തന്നെ വേണം.
അപ്പൊ ആ 44 ലക്ഷം തൊട്ട് 88 ലക്ഷം വരെ (അൻപത് ലക്ഷം തൊട്ട് ഒരു കോടി വരെയെന്ന് കൂട്ടിക്കോ അഞ്ച് വർഷം കഴിയുമ്പൊ) ചിലവാക്കിയാൽ ലോണെടുക്കാതെ നിങ്ങൾക്ക് വേറെ മാർഗമുണ്ടാവില്ല.
എഴുതി വച്ചോളൂ..ആ ലോണടച്ചിട്ട് നിങ്ങൾക്ക് നിങ്ങളുടെ ആയുസിൽ ജീവിതം നടക്കില്ല.
4. ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന, വില കൂടിയ കാറിൽ സഞ്ചരിക്കുന്ന ഡോക്ടർമാർ നിങ്ങൾ കരുതുന്നതുപോലെ എല്ലാവരുമല്ല. അതിന് സ്പെഷ്യൽറ്റിയും സൂപ്പർ സ്പെഷ്യൽറ്റിയും വേറെ പഠിക്കണം.
അതും വെറുതെ ആരും പഠിപ്പിക്കില്ല. അതിനുമുണ്ട് ഫീസ്. അത് പഠിക്കാനുമുണ്ട് എൻ്റ്രൻസ്.
അങ്ങനെ സ്പെഷ്യൽറ്റിയില്ലാതെ നിങ്ങൾക്ക് കിട്ടാൻ പോവുന്ന സ്ഥിര വരുമാനം കൊണ്ട് ലോൺ അടയ്ക്കാൻ പോലും തികയണമെന്നില്ല.
5. ഇനി ഇതൊക്കെ പഠിച്ച് കഴിയണമെങ്കിൽ – ഞാൻ ജോയിൻ ചെയ്തത് 2006ലായിരുന്നു. എം.ബി.ബി.എസും ഡി.എൻ.ബിയും കഴിഞ്ഞപ്പൊ വയസ് 30. പന്ത്രണ്ട് വർഷം അതുവഴി അങ്ങ് പോയി.
അപ്പൊഴും സൂപ്പർ സ്പെഷ്യൽറ്റിയിലേക്ക് എത്തിയിട്ടില്ല. സ്പെഷ്യലിസ്റ്റായെന്നേയുള്ളൂ. ഇതു വരെ പഠിച്ചതൊക്കെത്തന്നെ സർക്കാർ ഫീസിലാണെന്നതുകൊണ്ട് ലോൺ ഒഴിവാക്കാൻ പറ്റി. അല്ല എങ്കിൽ മിനിമം 40-50 ലക്ഷം അവിടെയുമായേനെ.
12 വർഷം കഴിഞ്ഞപ്പൊഴാണ് ജോലിയിലേക്ക് കയറുന്നത്. അതിനിടയിൽ കുടുംബമായി, കുഞ്ഞായി. ഒറ്റയ്ക്ക് കഴിയുന്നതുപോലെയല്ല കുടുംബമായി കഴിയുന്നത്.
ഒരു സാധാരണക്കാരൻ്റെ 12 വർഷത്തിൻ്റെ വിലയെന്താണെന്ന് നല്ലതുപോലെ അറിയാം.അക്കൂട്ടത്തിൽ എടുത്താൽ പൊങ്ങാത്ത ഒരു ലോൺ തലയ്ക്ക് മുകളിലുള്ളത് ഒട്ടും സുഖമുള്ള കാര്യമല്ല.
6. ഇത് പന്ത്രണ്ട് വർഷം മുൻപത്തെ കഥയാണ്. ഞാൻ പഠിക്കാൻ തുടങ്ങിക്കഴിഞ്ഞ് മിനിമം പതിമൂന്ന് ബാച്ച് ഡോക്ടർമാർ ഇറങ്ങിക്കാണും. ആവശ്യത്തിലധികമാണ് കേരളത്തിലെ അവസ്ഥ നോക്കിയാൽ.
ഇനി മുന്നോട്ട് പോവുമ്പൊ സ്പെഷ്യൽറ്റി എടുത്താൽ പോലും കടുത്ത മൽസരം നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുമെന്നും പറഞ്ഞ് കേൾക്കുന്നുണ്ട്…
എം.ബി.ബി.എസ് കൊണ്ട് മാത്രം മുന്നോട്ട് പോവൽ ഏറെക്കുറെ അസാദ്ധ്യമാവും. അപ്പൊ ഭീമമായ ലോണിൻ്റെ കാര്യം കൂടിയൊന്ന് ആലോചിച്ച് നോക്കിക്കോ.
സ്പെഷ്യൽറ്റിയും സൂപ്പർ സ്പെഷ്യൽറ്റിയും എടുക്കാൻ ആദ്യം തൊട്ടേ ചെറിയ തയ്യാറെടുപ്പെങ്കിലുമുള്ളോർക്ക്, വ്യക്തമായ ധാരണയുള്ളോർക്ക് കാര്യങ്ങൾ കുറച്ചൂടി എളുപ്പമായിരിക്കും. എനിക്ക് അങ്ങനെയായിരുന്നില്ല.
7. ഇതൊരു അലങ്കാരമായിട്ട് കൊണ്ടുനടക്കാനുള്ളോർക്ക് ഒരു കോടിയോ അതിൽ കൂടുതലോ കൊടുത്ത് വാങ്ങിക്കാമായിരിക്കും.
ജോലി ചെയ്ത് കുടുംബം പുലർത്താൻ വേണ്ടി, ജീവിക്കാൻ വേണ്ടി എം.ബി.ബി.എസ് പഠിക്കുന്ന ഒരു സാധാരണക്കാരനെക്കൊണ്ട് പറ്റില്ല…
ഒരു കോടി തൊട്ട് മേലോട്ടും പന്ത്രണ്ട് തൊട്ട് പതിനാറ് വരെ വർഷത്തെ പഠനവും.
പലരും ഇപ്പൊ ആലോചിക്കുന്നുണ്ടാവും, നിങ്ങള് ഡോക്ടറായില്ലേ, അതുകൊണ്ട് പറയുന്നതല്ലേ എന്ന്.
യാഥാർഥ്യം അതുപോലെയങ്ങ് പറഞ്ഞതാണ്.
ഒരിക്കൽ അന്ന് ആരെങ്കിലും പറഞ്ഞുതരാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിക്കാതിരിക്കാൻ വേണ്ടി..

Latest