Connect with us

Kerala

തിരഞ്ഞെടുപ്പ് പ്രചാരണം ചട്ടങ്ങൾ പാലിച്ചുവേണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/ മുനിസിപ്പൽ അക്ടിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായ് രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള ഒരു പ്രഖ്യാപനം പ്രസ്സുടമ നൽകേണ്ടതും അച്ചടിച്ച ശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകർപ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫോറത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു കൊടുക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളം ആകാവുന്ന തടവുശിക്ഷയോ, 2000രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്ന കുറ്റമാണ്.
ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാൻ പാടില്ല.

സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റ് പ്രചരണോപാധികളും സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാർത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കി വച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പു വരുത്തണം. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചരണ സാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങൾക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തണം.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകണം. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിനു വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കുകയും ചെയ്യണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

---- facebook comment plugin here -----

Latest