Connect with us

National

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: യു പി സര്‍ക്കാറിനോട് വിശദീകരണം തേടി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഹഥ്‌റാസ്‌ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിന്റെ പേരില്‍ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിനോട് വിശദീകരണം തേടി സുപ്രീം കോടതി. യു പി സര്‍ക്കാറിനും പോലീസിനും നല്‍കിയ നോട്ടീസില്‍ എന്താണ് പറയാനുള്ളതെന്ന് അടുത്ത വെള്ളിയാഴ്ചക്കകം അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അന്ന് കാപ്പന്റെ ജാമ്യഹരജിയും പരിഗണിക്കും.

സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകമാണ് ഹരജി നല്‍കിയത്. കബില്‍ സിബലാണ് കാപ്പന് വേണ്ടി ഹാജരയാത്. മഥുര ജയിലില്‍ സിദ്ദീഖ് കാപ്പന്റെ ജീവന് ഭീഷണിയുണ്ടെന്നും അഭിഭാഷകനെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകനെ കാണണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി മഥുര കോടതി തള്ളിയതും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും പോലീസിനും സംസ്ഥാന സര്‍ക്കാറിനും പറയാനുള്ളത് കേട്ടതിന് ശേഷം പ്രതികരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്‍കിയ, നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് കെ യു ഡബ്ല്യു ജെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

 

Latest