Connect with us

Business

ചൈനയുടെ നേതൃത്വത്തില്‍ 15 രാജ്യങ്ങള്‍ ചേര്‍ന്ന് സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നു; ഇന്ത്യ ഇല്ല

Published

|

Last Updated

ബാങ്കോംഗ് | ഏഷ്യാ പസഫിക്ക് മേഖലയിലെ പതിനഞ്ച് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആര്‍.സി.ഇ.പി) ഒപ്പുവെച്ചു. ചൈനയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരാറില്‍ ഇന്ത്യ ഇല്ല. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ കരാറില്‍ നിന്ന് പിന്‍മാറിയത്. ചൈനക്ക് പുറമെ ജപ്പാന്‍, ദക്ഷിണ കൊറിയ, ന്യൗസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് കരാറില്‍ ഒപ്പിട്ടത്. 200 കോടി ജനങ്ങള്‍ക്ക് കരാറിന്റെ ഗുണം ലഭിക്കും.

എട്ട് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇത്രയും വിപുലമായ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നത്. 2012ല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. വിയറ്റ്നാം ആതിഥേയത്വം വഹിക്കുന്ന സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ വെര്‍ച്ച്വല്‍ ഉച്ചകോടിയിലാണ് ഇപ്പോള്‍ കരാര്‍ ഒപ്പുവെച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഏഷ്യയിലെ പ്രമുഖ രാജ്യങ്ങള്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പെടുന്നത്.

താരിഫ് കുറയ്ക്കുന്നതിനും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സേവന വ്യാപാരം തുറക്കുന്നതിനുമുള്ള കരാറില്‍ അമേരിക്ക ഉള്‍പ്പെടുന്നില്ല. വാഷിംഗ്ടണ്‍ ആസ്ഥാനമായ വ്യാപാര സംരംഭത്തിന് ചൈനീസ് നേതൃത്വത്തിലുള്ള ബദലായാണ് കരാറിനെ കാണുന്നത്. ചൈനക്കാണ് കരാര്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. മേഖലയിലെ വാണിജ്യ മേല്‍ക്കോയ്മ ഉറപ്പുവരുത്താന്‍ ഇതിലൂടെ ചൈനക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ രാജ്യത്തെ വിപണിയിലെത്തുന്നത് തടയാനാണ് കഴിഞ്ഞ വര്‍ഷം സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയത്. ഇത്തവണ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും പിന്നീട് ഇന്ത്യക്ക് കരാറിന്റെ ഭാഗമാകാന്‍ കഴിയും.

Latest