National
ഡല്‍ഹിയിലെ കൊവിഡ് വ്യാപനം; അവലോകന യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് യോഗം വിളിച്ചു ചേര്‍ത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകിട്ട് അഞ്ചിനാണ് യോഗം. കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉന്നത തല യോഗം ചര്‍ച്ച ചെയ്യും. ഇത് രണ്ടാം തവണയാണ് അമിത് ഷാ ഡല്‍ഹിയിലെ കൊവിഡ് വിഷയത്തില്‍ ഇടപെടുന്നത്. ഇതിനു മുമ്പ് ജൂണ്‍, ജൂലൈ മാസങ്ങളിലായി നിരവധി യോഗങ്ങള്‍ അദ്ദേഹം വിളിച്ചു ചേര്‍ത്തിരുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം 7,340 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 96 മരണവും സ്ഥിരീകരിച്ചു. ആകെ 4,82,170 പേര്‍ക്കാണ് മഹാമാരി പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 44,456 പേര്‍ ചികിത്സയിലുണ്ട്. 7,519 ആണ് ആകെ മരണം. കൊവിഡ് ബാധിച്ച് നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം ഒക്ടോബര്‍ 13ന് 21,490 ആയിരുന്നത് നവംബര്‍ 13ലെത്തിയപ്പോള്‍ 43,000 ആയി വര്‍ധിച്ചിരുന്നു. സംസ്ഥാനത്തെ കൊവിഡ് മൂന്നാം ഘട്ട വ്യാപനം 10 ദിവസത്തിനകം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.