Connect with us

National

VIDEO: ബങ്കറുകളും ആയുധപ്പുരകളും ചാമ്പലായി; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത നഷ്ടം

Published

|

Last Updated

ന്യൂഡല്‍ഹി | ശ്രീനഗറില്‍ നാല് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ പാക് ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടയില്‍ പാക്കിസ്ഥാനുണ്ടായത് കനത്ത ആഘാതം. പാക്കിസ്ഥാന്റെ നിരവധി ബങ്കറുകള്‍ ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ബങ്കറുകളില്‍ മിസൈല്‍ പതിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഏഴ് പാക് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഉറി, നൗഗാം, ടാങ്ധാര്‍, കേരന്‍ ആന്‍ഡ ഗുരസ്, ബാരാമുല്ല, കുപ് വാര, ബന്ദിപുര ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന പാക് ബങ്കറുകളാണ് ഇന്ത്യന്‍ മിസൈലുകള്‍ ചാമ്പലാക്കിയത്. പാക് സൈനികരുടെ ആയുധപ്പുരകളും ഇന്ധനങ്ങള്‍ സൂക്ഷിച്ച കെട്ടിടങ്ങളും നുഴഞ്ഞുകയറ്റക്കാരുടെ ലോഞ്ച് പാഡുകളും പ്രത്യാക്രമണത്തില്‍ തകര്‍ന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം അയച്ച മിസൈലുകള്‍ ബങ്കറുകളില്‍ പതിക്കുന്നതും പാക് സൈനികര്‍ സ്വയരക്ഷാര്‍ഥം ഓടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

പാക്കിസ്ഥാന്‍ സൈന്യം മോര്‍ട്ടാറുകളും ശക്തമായ ആയുധങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിനാണ് ഇന്ത്യ കനത്ത ഭാഷയില്‍ മറുപടി നല്‍കിയത്. നിയന്ത്രണ രേഖക്ക് സമീപം ദാവാര്‍, കേരന്‍, ഉറി, നൗഗാം മേഖലകളിലായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം തടഞ്ഞതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റശ്രമമാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. നവംബര്‍ 7നും എട്ടിനും മച്ചാല്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവര്‍ക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.