Connect with us

Eranakulam

ആ ഫോട്ടോക്ക് പിന്നില്‍...

Published

|

Last Updated

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനു ശേഷം എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ച എം ശിവശങ്കറുടെ ചിത്രം പകര്‍ത്താനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമത്തിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ആ ഫോട്ടോക്ക് പിന്നിലെ അനുഭവം ഫോട്ടോ പകര്‍ത്തിയ സിറാജ് ദിനപത്രം കൊച്ചി യൂനിറ്റിലെ ഹസനുല്‍ ബസരി പി കെ പറയുന്നു:

രാവിലെ ശിവശങ്കറെ എറണാകുളം ജില്ലാ കോടതിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് കാത്തിരിപ്പാണ്. ഓരോ നിമിഷങ്ങളിലും വാര്‍ത്തകള്‍ അവര്‍ കൈമാറിക്കൊണ്ടിരുന്നു. ഏത് നിമിഷവും ശിവശങ്കറെ കോടതിയില്‍ നിന്നും പുറത്തിറക്കിയേക്കാം എന്നതിനാല്‍ തന്നെ ഉച്ച ഭക്ഷണം പോലും കഴിക്കാതെയായിരുന്നു പലരും കാത്തിരുന്നത്. എന്നാല്‍, വൈകീട്ട് നാലരയോടെയാണ് വക്കീലന്മാര്‍ പുറത്തിറങ്ങി തുടങ്ങുന്നത്. അപ്പോഴാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചിട്ടില്ല എന്നും, കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയേക്കുമെന്നുമുള്ള സൂചന ലഭിക്കുന്നത്. ഇ ഡി യുടെ വാഹനത്തിലാണ് ജയിലേക്ക് കൊണ്ട് പോവുക എന്നതിനാല്‍ തന്നെ, അര മണിക്കൂറോളം ദൂരമുള്ള ജയിലിലേക്ക് പോലീസ് വ്യൂഹത്തിനു പിന്നാലെ ബൈക്കില്‍ എത്തിപ്പിടിക്കുക എന്നത് ഏറെ സാഹസമായതിനാല്‍ സൂചന ലഭിച്ചപ്പോള്‍ തന്നെ മാധ്യമം, ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഞാനും ബൈക്കെടുത്ത് ജയിലിലേക്ക് കുതിച്ചു. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും മറ്റു രണ്ടു മൂന്ന് പത്ര ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ യൂനിറ്റുകളും മുന്നേ തന്നെ അവിടെ എത്തി കാത്തിരിക്കുന്നുണ്ടായിരുന്നു.

ശിവശങ്കര്‍ ജയില്‍ വാതിലിനു മുന്നില്‍ കാറിറങ്ങി നടന്ന് ജയിലില്‍ കയറുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കരികിലേക്ക് ഏറെ വൈകാതെ തന്നെ സൈറണ്‍ മുഴക്കി പോലീസ് വാഹനം കുതിച്ചെത്തി നിന്നു. തൊട്ടു പിന്നില്‍ ഇ ഡി യുടെ വാഹനത്തില്‍ ശിവശങ്കറും. ഒരു പോലീസുകാരനും ഒരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥനും ഇറങ്ങി വന്ന് ജയില്‍ കവാടത്തില്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയ ശേഷം തിരിച്ചു വാഹനത്തിന്റെ അടുത്തേക്ക് നടന്നു. ഉടന്‍ ശിവ ശങ്കര്‍ ഇറങ്ങിവരുമെന്ന് കരുതി ജയില്‍ വാതിലിനു മുന്നില്‍ തന്നെ സജ്ജരായി നിന്ന മാധ്യമ പ്രവര്‍ത്തകരെ കബളിപ്പിച്ച് കൊണ്ട് ഇ ഡി യും പോലീസും വാഹനം മുന്നോട്ടെടുത്തു കുതിച്ചു. ശിവശങ്കറെ ജയിലില്‍ പ്രവേശിപ്പിക്കുന്നത് മുഖ്യ കവാടത്തിലൂടെയല്ല, മറ്റൊരു വശത്തുള്ള ബോര്‍സ്റ്റല്‍ സ്‌കൂള്‍ കവാടത്തിലൂടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലായത് ആ നിമിഷമാണ്. പിന്നെ അവിടെക്കൊരു കൂട്ടയോട്ടമായിരുന്നു. ക്യാമറകളും ട്രൈപോഡുമെല്ലാമെടുത്ത് ബോര്‍സ്റ്റല്‍ സ്‌കൂള്‍ കവാടത്തിലേക്ക്. ഓടിക്കിതച്ച് എത്തുമ്പോഴേക്ക് ശിവ ശങ്കറിനെ വഹിച്ചുള്ള കാര്‍ അവിടെ എത്തിയിരുന്നു. ശിവ ശങ്കറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോയേക്കും പോലീസുകാര്‍ മാധ്യമങ്ങളെ ഗേറ്റില്‍ തടഞ്ഞ് കാര്‍ കയറ്റിവിടുകയായിരുന്നു. ഉടന്‍ തന്നെ കവാടം അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് അവിടെ നടന്നത് എങ്ങിനെയെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു. ഗേറ്റിന്റെ വിടവുകളിലൂടെയോ അടിയിലൂടെയോ ശിവശങ്കറിന്റെ എന്തെങ്കിലും ദൃശ്യങ്ങള്‍ ലഭിക്കുമോ എന്നുള്ള ശ്രമം. ആ ശ്രമമാണ് ഞാന്‍ പകര്‍ത്തിയത്…

Latest