രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസര്‍വ് ബേങ്ക്; ഡിസംബറില്‍ തിരിച്ചുവന്നേക്കും

Posted on: November 12, 2020 1:36 pm | Last updated: November 12, 2020 at 3:49 pm

ന്യൂഡല്‍ഹി | രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യം നേടിരുന്നുവെന്ന് റിസര്‍വ് ബേങ്ക് വിലയിരുത്തല്‍. തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ജിഡിപി ഇടിഞ്ഞു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 8.6ശതമാനമാണ് ജിഡിപി ഇടിഞ്ഞത്. ഇത് ആശങ്കാജനകമാണെന്ന് സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും.

വാഹന വില്പന മുതല്‍ ബാങ്കിങ് മേഖലയിലെ ചലനങ്ങള്‍വരെ നിരീക്ഷിച്ച ശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. കമ്പനികള്‍ക്ക് മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് സാധ്യമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.