Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; സാധാരണ വാഹനാപകടം തന്നെയെന്ന് സിബിഐ

Published

|

Last Updated

കൊച്ചി | വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ദൂരൂഹതയില്ലെന്ന് സിബിഐ. സാധാരണ വാഹനാപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളളമാണെന്ന് തെളിഞ്ഞതായി സിബിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കലാഭാവന്‍ സോബി പറഞ്ഞതും കളളമാണെന്ന് നുണ പരിശോധനയില്‍ വ്യക്തമായി.

ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, വിഷ്ണു സോമസുന്ദരം, ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ കഴിഞ്ഞ മാസം സിബിഐ നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു. കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധന നടത്തിയത്. ഇതില്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമല്ലെന്ന് വ്യക്തമായതായാണ് സിബിഐ പറയുന്നത്.

ഒരു അപകടമരണത്തിന് അപ്പുറത്തേക്ക് ഒരു ദുരൂഹതയും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്. അതിനാല്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലുണ്ടോ എന്നാണ് സി ബി ഐ തേടിയിരുന്നത്. അതിനും തുമ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ബാലഭാസ്‌കര്‍ വിടപറഞ്ഞത്. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2-ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. ബാലഭാസ്‌കറിന്റെ മകളും ഈ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യ പിന്നീട് ആശുപത്രി വിട്ടു.

Latest