Connect with us

International

ട്രംപ് തന്നെ വീണ്ടും പ്രസിഡന്റാകും; പ്രഖ്യാപനവുമായി മൈക്ക് പോംപിയോ

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന്‌ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും പിന്നാലെ രണ്ടാം വട്ടവും ട്രംപ് ഭരണത്തിലേക്കുള്ള സുഗമമായ പാതയൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ജോ ബൈഡനെ പ്രസിഡന്റായി അംഗീകരിക്കാന്‍ പോംപിയോ വിസമ്മതിച്ചു. ജനുവരി 20ന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത് സാധ്യമാക്കും വിധം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായും പോംപിയോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സ്റ്റേറ്റുകളില്‍ ഉള്‍പ്പെടെ വന്‍ ഭൂരിപക്ഷം കരസ്ഥമാക്കിയ ബൈഡനെ യു എസ് സഖ്യരാഷ്ട്രങ്ങള്‍ അടക്കമുള്ളവയുടെ നേതാക്കള്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍, നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ പോള്‍ ചെയ്‌തെന്നും ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച ട്രംപ് നിയമപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

ലോകവ്യാപകമായി സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനകള്‍ അമേരിക്ക തുടര്‍ന്നു നടത്തുമോ എന്ന് ചോദിച്ചപ്പോള്‍ ഈ ചോദ്യം അസംബന്ധമാണെന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ലോകരാഷ്ട്രങ്ങളിലെവിടെയും തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും സുതാര്യവും സുരക്ഷിതവും ആയിരിക്കുമെന്ന് ഉറപ്പുവരുത്താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിബദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest