Connect with us

Gulf

ഖലീഫ ബിന്‍ സല്‍മാന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി

Published

|

Last Updated

ബഹ്റൈന്‍ | ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയായിരുന്നു. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ പേര്‍ഷ്യന്‍ രാജ്യങ്ങളുമായി ഉടമ്പടിയുണ്ടാക്കാനുള്ള കേന്ദ്രമായി ബ്രിട്ടന്‍ തിരഞ്ഞെടുത്തത് ബഹ്‌റൈനെയായിരുന്നു. 1968-ല്‍ ഉടമ്പടി കരാറുകള്‍ അവസാനിപ്പിച്ച് ബ്രിട്ടന്‍ പിന്മാറിയതിന് ശേഷം 1971 ആഗസ്റ്റ് 15-ന് ബഹ്റൈന്‍ സ്വതന്ത്ര്യ രാജ്യമായി മാറിയത് മുതല്‍ ഖലീഫ രാജകുമാരന്‍ പ്രധാന മന്ത്രി പദം അലങ്കരിച്ചു വരികയായിരുന്നു.

അമേരിക്കയിലെ മയോ ക്ലിനിക് ആശുപത്രിയില്‍ വച്ചായിരുന്നു ഖലീഫ ബിന്‍ സല്‍മാന്റെ അന്ത്യം. 84 വയസ്സായിരുന്നു. സ്റ്റേറ്റ് കൗണ്‍സിലിന്റെയും സുപ്രീം പ്രതിരോധ സമിതിയുടെയും തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എണ്ണ ശേഖരത്തെ ആശ്രയിക്കുന്നതിനപ്പുറത്തേക്ക് രാജ്യത്തെ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പിന് കാരണമായ 1986 ല്‍ 1.2 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ അയല്‍രാജ്യമായ സഊദി അറേബ്യയുമാ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ തുറന്നത് പ്രധാനമന്ത്രി ഖലീഫ ബില്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു

1935 നവംബര്‍ 24നാണ് ഖലീഫയുടെ ജനനം. 1942 മുതല്‍ 1961 വരെ രാജാവായിരുന്ന ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് പിതാവ്. മനാമ ഹൈസ്‌കൂളിലും ബഹ്റൈനിലെ റിഫ പാലസ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1956 മുതല്‍ 1977 വരെ വിദ്യാഭ്യാസ സമിതി, ധനകാര്യ വകുപ്പ് ഡയറക്ടര്‍, വൈദ്യുതി ബോര്‍ഡ് പ്രസിഡന്റ്, സാമ്പത്തിക പഠനങ്ങളുടെ സംയുക്ത സമിതി ചെയര്‍മാന്‍, വാണിജ്യ രജിസ്ട്രേഷന്‍ കമ്മിറ്റി അംഗം, അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് കൗണ്‍സില്‍ ചെയര്‍മാന്‍, ബഹ്റൈന്‍ നാണയ ഏജന്‍സി അംഗം, സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍, സ്റ്റേറ്റ് കൗണ്‍സില്‍ തലവന്‍, പരമോന്നത പ്രതിരോധ സമിതിയുടെ തലവന്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെയും തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1971 ല്‍ ഖലീഫ രാജകുമാരനെ അദ്ദേഹത്തിന്റെ സഹോദരന്‍ അമീര്‍ ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് പ്രധാന മന്ത്രിയായി നിയമിച്ചത്. 2017 ആഗസ്റ്റ് ആറിന് പ്രിന്‍സ് ഖലീഫക്ക് ലോക സമാധാന സംസ്‌കാരത്തിനുള്ള അവാര്‍ഡും ലഭിച്ചു. ഖലീഫയുടെ നിര്യാണത്തില്‍ രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest