തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടു; ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ട്രമ്പിന്റെ മകന്‍

Posted on: November 11, 2020 6:54 pm | Last updated: November 11, 2020 at 6:54 pm

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ വോട്ടാഹ്വാനം നടത്തിയ ഡൊണാള്‍ഡ് ട്രമ്പിന്റെ മകന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പരിഹാസം. ചൊവ്വാഴ്ചത്തെ ട്വീറ്റിലാണ് മിന്നസോട്ടയിലെ ജനങ്ങളോട് പുറത്തിറങ്ങി വോട്ട് ചെയ്യാന്‍ ട്രമ്പിന്റെ മകന്‍ എറിക് ട്രമ്പ് ആഹ്വാനം ചെയ്തത്.

അബദ്ധം മനസ്സിലാക്കിയ എറിക് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ അപ്പോഴേക്കും ആഘോഷിച്ചിരുന്നു. ട്രമ്പിന്റെ രണ്ടാമത്തെ മൂത്ത മകനാണ് എറിക് എന്നതിനാല്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.35നാണ് എറിക് ട്രമ്പിന്റെ ട്വീറ്റ് വന്നത്.

പതിനാലായിരത്തിലേറെ ലൈകും 2584 തവണ റിട്വീറ്റും ചെയ്യപ്പെടുകയുണ്ടായി. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ് എറിക് ഉപയോഗിക്കുന്നതെന്ന പരിഹാസം ഉയരുന്നുണ്ട്. അതിനാലാണ് ഡിലീറ്റ് ചെയ്യപ്പെടാന്‍ വൈകിയതെന്നാണ് ആക്ഷേപം. വോട്ടെടുപ്പിന്റെയന്ന് നിരവധി ട്വീറ്റുകള്‍ എറിക് നടത്തിയിരുന്നു. ട്വീറ്റ് ഷെഡ്യൂള്‍ ചെയ്തതിലെ അബദ്ധമാകാം കാലം തെറ്റിയ ട്വീറ്റെന്നാണ് വിലയിരുത്തല്‍.

ALSO READ  ഡോക്ടറുടെ മാസ്‌ക് നീക്കി നവജാത ശിശു; മഹാമാരി കാലത്ത് പ്രതീക്ഷയുടെ പ്രതീകമാണെന്ന് സോഷ്യല്‍ മീഡിയ