Connect with us

National

ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓൺലെെൻ മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപെടുത്തി കേന്ദ്ര സർക്കാർ ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി ‌| ഒ.ടി.ടി (ഓവർ ദി ടോപ്പ്) പ്ലാറ്റ്‌ഫോമുകള്‍ക്കും ഓൺലെെൻ മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ആമസോണ്‍ പ്രെെ, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെ ഒടിടി പ്ലാറ്റ് ഫോമുളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കിയാണ് ഉത്തരവിറങ്ങിയത്. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പിട്ട വിജ്ഞാപനം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിനാകും.

നിലവിൽ, ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന് നിയമമോ നിരീക്ഷിക്കാൻ സ്വയംഭരണ സ്ഥാപനമോ ഇല്ല. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അച്ചടി മാധ്യമങ്ങളെയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ‌ബി‌എ) ന്യൂസ് ചാനലുകളെയും, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പരസ്യങ്ങളെയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സിനിമകളെയും നിരീക്ഷിക്കുന്നു. ഇതേരീതിയിൽ ഇനി ഓൺലെെൻ മാധ്യമങ്ങളെ നിരീക്ഷിക്കാനും സംവിധാനം നിലവിൽ വരും.

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിന് ഒരു സ്വയംഭരണ സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച ഹർജിയിൽ കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. കേന്ദ്ര, വിവര, പ്രക്ഷേപണ മന്ത്രാലയം, ഇന്റർനെറ്റ്, മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് സുപ്രീം കോടതി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 

ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ആരാഞ്ഞുകൊണ്ടാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്.ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി ഉത്തരവ് ഇറക്കിയത്.

ഇന്റർനെറ്റ് വഴി കാഴ്ചക്കാർക്ക് നേരിട്ട് കണ്ടൻറുകൾ നൽകുന്ന ഒരു സ്ട്രീമിംഗ് സേവനമാണ് ഓവർ-ദി-ടോപ്പ് മീഡിയ സേവനം. കേബിൾ, ബ്രോഡ്കാസ്റ്റ്, സാറ്റലൈറ്റ് ടെലിവിഷൻ തുടങ്ങിയ പരമ്പരാഗത പ്ലാറ്റ് ഫോമുകളെ മറികടന്ന് കണ്ടൻറുകൾ നേരിട്ട് കാഴ്ചക്കാരിൽ എത്തിക്കുകയാണ് ഒ ടി ടി വഴി ചെയ്യുന്നത്. കൊവിഡ് ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വ്യപകമായിരുന്നു. സിനിമകളും മറ്റും തിയറ്ററിന് പകരം ഒടിടി വഴി റിലീസ് ചെയ്യുന്നതും പതിവായിട്ടുണ്ട്.

Latest