ബിഹാറില്‍ എന്‍ ഡി എ അധികാരത്തിലെത്തിയാല്‍ സര്‍ക്കാറിനെ ആര് നയിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല: സഞ്ജയ് ജയ്‌സ്വാള്‍

Posted on: November 10, 2020 6:50 pm | Last updated: November 10, 2020 at 6:50 pm

പാട്‌ന | ബിഹാറില്‍ എന്‍ ഡി എ അധികാരത്തിലെത്തിയാല്‍ സര്‍ക്കാറിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍. നിയമസഭയില്‍ ഭൂരിപക്ഷം നേടിയാല്‍ എന്‍ ഡി എ സര്‍ക്കാറിനെ നിതീഷ് കുമാര്‍ തന്നെയാകുമോ നയിക്കുകയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി തലവന്‍ ജെ പി നഡ്ഢയും തമ്മില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.

എന്‍ ഡി എ നിതീഷ് കുമാറിന്റെ നേതൃത്വത്തിനു കീഴില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്ന് എത്രയോ തവണ പറഞ്ഞിട്ടുള്ളതാണെന്ന് സംസ്ഥാന ജെ ഡി (യു) അധ്യക്ഷന്‍ വശിഷ്ഠ നാരായണ്‍ സിംഗ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തെറ്റിദ്ധാരണാജനകമായ നിരവധി പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തിയത്. ബി ജെ പിയോ ജെ ഡി യുവോ ആരാണ് സര്‍ക്കാറിന് നേതൃത്വം നല്‍കുകയെന്ന് ചോദിച്ചപ്പോള്‍ അത് പ്രധാന മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിരവധി തവണ വ്യക്തമാക്കി കഴിഞ്ഞിട്ടുള്ളതാണെന്നായിരുന്നു വശിഷ്ഠിന്റെ മറുപടി.