Connect with us

Kerala

പ്ലസ്ടു കോഴ: കെ എം ഷാജിയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

Published

|

Last Updated

കോഴിക്കോട് പ്ലസ്ടുകോഴ അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് കെ എം ഷാജി എം എല്‍ എയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കോഴിക്കോട് കല്ലായിലുള്ള ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി ഷാജിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യയെ ഇന്നലെ ഇ ഡി ചോദ്യം ചെയ്തിരുന്നു രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രിയോളം നീണ്ടശേഷമാണ് ഇവരെ വിട്ടയച്ചത്. ഭാര്യയില്‍ നിന്ന് ലഭിച്ച തെളിവുകളും ഷാജിയെ ചോദ്യം ചെയ്യലിന് ഉപയോഗിച്ചേക്കും.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് മാലൂര്‍ കുന്നില്‍ നിര്‍മിച്ച ആഡംബര വീടിനെ കുറിച്ചും ചോദിച്ചറിയും ഭാര്യയുടെ പേരിലാണ് വീടുള്ളത്. പ്ലസ്ടു കോഴ വാങ്ങിയെന്ന് പറയുന്ന കാലഘട്ടത്തിലായിരുന്നു ഈ വീട് നിര്‍മിച്ചത്. വീട് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചും ഇത് വാങ്ങാനും വീട് നിര്‍മിക്കാനും ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചറിയും. ഷാജിയുടെ പേരിലുള്ള മറ്റു സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

വീടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷനാണ് ഇ ഡിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാലു വര്‍ഷം മുമ്പ് ഷാജി നിര്‍മിച്ച വീട് കോര്‍പറേഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലാണ് വീട് നിര്‍മിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 27 ന് കോര്‍പറേഷന്‍ അധികൃതര്‍ ഇഡിക്ക് മുമ്പാകെ സമര്‍പ്പിച്ചിക്കുകയായിരുന്നു. കോഴ വിവാദത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും ഇ ഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Latest