ഒബാമയല്ല ബൈഡന്‍

Posted on: November 10, 2020 5:23 am | Last updated: November 10, 2020 at 5:24 am

ലോക ജനതയെ മുഴുവന്‍ ഏതാണ്ട് തടവിലാക്കുകയും അതില്‍ ലക്ഷങ്ങളുടെ ജീവനെടുക്കുകയും ചെയ്യുന്ന നോവല്‍ കൊറോണ എന്ന സൂക്ഷ്മാണു അധികാര രാഷ്ട്രീയത്തില്‍, അതിന്റെ ഏറ്റവും വലിയ പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നു; അധികാര ഭ്രമത്തില്‍ മുന്നില്‍ നിന്ന, ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിച്ച, വംശ വെറിയെ അലങ്കാരമായി കണ്ട ഒരു നേതാവിനെ പുറംതള്ളുന്നതില്‍. ലോക ജനതയെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും ഈ വൈറസുണ്ടാക്കിയ രാഷ്ട്രീയ ആഘാതം ഡൊണാള്‍ഡ് ട്രംപെന്ന നേതാവിന്റെ പരാജയത്തോടെ സ്വാഗതം ചെയ്യപ്പെട്ടേക്കും. ഒരുപക്ഷേ, ഇത് വായിക്കുമ്പോഴേക്കും കൊറോണ അതിന്റെ രണ്ടാമത്തെ രാഷ്ട്രീയ പ്രഹരം ഇന്ത്യയിലെ ബിഹാറിലുണ്ടാക്കിയിരിക്കും, നരേന്ദ്ര മോദിയുടെ പ്രചണ്ഡമായ പ്രചാരണത്തെ തള്ളിക്കളഞ്ഞുകൊണ്ട്. അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പ്രചാരണം നടത്തിയിരുന്നു നരേന്ദ്ര മോദിയെന്നത് ഓര്‍ക്കുക.

ഒരു ഭരണാധികാരി എന്തൊക്കെ ആവരുതോ അതൊക്കെയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് 2016ല്‍ മത്സരിക്കാനൊരുങ്ങുന്ന കാലം മുതല്‍ അത്ര ഭദ്രമായ മനോനിലയുള്ള വ്യക്തിയല്ലെന്ന സംശയമുണര്‍ത്തിയ നേതാവ്, എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ച് ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യത്തിന്റെ പ്രസിഡന്റ് പദത്തിലെത്തിയ ശേഷമുള്ള കാലത്തും തന്റെ ഉന്മാദാവസ്ഥയെ നിരന്തരം പ്രകടിപ്പിച്ചിരുന്നു. വെളുത്ത നിറത്തിന്റെ വരേണ്യതയില്‍ അഭിരമിച്ച്, ആഫ്രോ – അമേരിക്കന്‍ വംശജര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്കു നേരേ മൗനം പാലിക്കുകയോ മൗനം കൊണ്ട് പ്രോത്സാഹിപ്പിക്കുകയോ ചെയ്തു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനെന്ന പേരില്‍ സാമൂഹിക ക്ഷേമ പദ്ധതികളുടെ കടയ്ക്കല്‍ കത്തിവെച്ച്, സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു. മുസ്‌ലിംകള്‍, കുടിയേറ്റക്കാര്‍ എന്നിവരെയൊക്കെ രണ്ടാംതരം പൗരന്മാരായി കാണുകയോ അവരെ മുഖ്യധാരയില്‍ നിന്നോ രാജ്യത്തു നിന്ന് തന്നെയോ പുറത്താക്കാന്‍ വഴികള്‍ ആലോചിക്കുകയും ചെയ്തു. കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നായിരുന്നു 2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കുടിയേറ്റം തടയുക എന്നതായിരുന്നു മതിലിന്റെ ലക്ഷ്യം. എന്നാല്‍ അധികാരത്തില്‍ നിന്നൊഴിയാറാകുമ്പോഴും ആ മതിലിന്റെ നിര്‍മാണം വലിയ തോതില്‍ പുരോഗമിച്ചിട്ടില്ല. പക്ഷേ, രാജ്യത്തിനുള്ളില്‍ പല തരത്തിലുള്ള മതിലുകള്‍ തീര്‍ത്തു, ഡൊണാള്‍ഡ് ട്രംപ്. അത്തരം മതിലുകളെ അംഗീകരിക്കാന്‍ പരിഷ്‌കൃത ജനാധിപത്യമെന്ന രീതിയില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കക്ക് കഴിയില്ലെന്നാണ് അവിടുത്തെ ജനം വിധിച്ചത്. ട്രംപിന് ഒരു കാലത്തും അംഗീകരിക്കാന്‍ സാധിക്കാത്ത വിധി.

ആഫ്രോ – അമേരിക്കന്‍ വംശജരുള്‍പ്പെടെ, തൊലിവെളുത്തവര്‍ അകലത്തു നിര്‍ത്തിയിരുന്ന ഏതാണ്ടെല്ലാ വിഭാഗങ്ങളെയും അകറ്റിനിര്‍ത്താന്‍ പാകത്തിലുള്ള നയങ്ങള്‍ പിന്തുടര്‍ന്നതിലൂടെ വെളുത്ത വര്‍ഗക്കാരുടെ അകമഴിഞ്ഞ പിന്തുണ ട്രംപ് പ്രതീക്ഷിച്ചിരുന്നു. സാമൂഹിക ക്ഷേമ പദ്ധതികള്‍ ഇല്ലാതാക്കി, വന്‍കിട കമ്പനികളെ വേണ്ടതിലധികം സഹായിച്ചപ്പോള്‍ പ്രസിഡന്റ് പദത്തിലേക്കുള്ള രണ്ടാമൂഴത്തിന് അവരുടെ കൈയയച്ചുള്ള സംഭാവന പ്രതീക്ഷിക്കുകയും ചെയ്തു. ആദ്യവട്ടം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വവും പിന്നീട് പ്രസിഡന്റ് പദവും പിടിച്ചെടുക്കാന്‍ അവസരമുണ്ടാക്കിയത് പോലൊരു സംഭാവന. അതിലുപരി, അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ മടികാട്ടുന്ന അമേരിക്കന്‍ ജനതയുടെ കീഴ് വഴക്കം തുണയാകുമെന്ന് പ്രതീക്ഷിച്ചു. എല്ലാം അസ്ഥാനത്തായി. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി എന്നതിനപ്പുറത്ത് തന്നേക്കാള്‍ മാന്യനായ വെളുത്ത വര്‍ഗക്കാരനായ പുരുഷനാണ് എതിരാളിയെന്നും അയാളെ (ഭാഷ ട്രംപിന്റേതാണ്) സ്വീകരിക്കാന്‍ അമേരിക്കന്‍ ജനതക്ക് മടിയുണ്ടാകില്ലെന്നും അദ്ദേഹം ഓര്‍ത്തുകാണില്ല.

ALSO READ  വ്യാജ നിര്‍മിതികളും മാധ്യമക്കച്ചവടവും

ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയാരെന്ന് തീരുമാനിക്കാനുള്ള മത്സരത്തില്‍ ആദ്യ ഘട്ടത്തില്‍ മുന്നില്‍ നിന്നിരുന്നത് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ബേണി സാന്‍ഡേഴ്‌സായിരുന്നു. സോഷ്യലിസ്റ്റ് ആശയഗതിക്കാരനായ ബേണി സാന്‍ഡേഴ്‌സായിരിക്കും എതിരാളിയെന്ന് സങ്കല്‍പ്പിച്ച്, അത്തരമൊരാളെ അമേരിക്കന്‍ ജനത ഒരിക്കലും സ്വീകരിക്കില്ലെന്നുറപ്പിച്ചാണ് ട്രംപ് തുടക്കത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിച്ചത്. നാല് വട്ടമെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ യത്‌നിച്ച ബൈഡന്‍, എതിരാളിയായെത്തിയപ്പോള്‍ തന്ത്രങ്ങള്‍ മാറ്റേണ്ടി വന്നു ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും. അപ്പോഴേക്കും കൊവിഡിന്റെ വ്യാപനമുണ്ടായി, പ്രചാരണം പരിമിതപ്പെടുകയും ചെയ്തു. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം കാണിച്ച അലംഭാവവും അതിലേക്ക് ഭരണകൂടത്തെ നയിക്കും വിധത്തില്‍ വിഡ്ഢിത്തം വിളമ്പിയ പ്രസിഡന്റും ബൈഡന് കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയും ചെയ്തു. കൊവിഡൊരു ഭീഷണിയല്ലെന്ന് വരുത്താന്‍ ഏറ്റവുമൊടുവില്‍ നാടകം കളിക്കുമ്പോള്‍, ഒരു ലക്ഷത്തിലേറെപ്പേരുടെ മരണത്തിന്റെ കണക്ക് അമേരിക്കന്‍ ജനതക്ക് മുന്നിലുണ്ടെന്നതിനെ ട്രംപ് അവഗണിച്ചു.

വോട്ട് കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും അനൗദ്യോഗികമായി ലഭിക്കുന്ന കണക്കുകള്‍ പ്രകാരം പ്രായമായവരുടെയും വെളുത്ത വര്‍ഗക്കാരായ പുരുഷന്‍മാരുടെയും വോട്ടുകള്‍ ബൈഡനിലേക്ക് ചാഞ്ഞതാണ് ട്രംപിന്റെ പരാജയം ഉറപ്പാക്കിയത്. പ്രായമായവര്‍ ട്രംപിനെ എതിര്‍ക്കാന്‍ മുഖ്യ കാരണം കൊവിഡിന്റെ വ്യാപനവും അതിനെ ലഘുവായെടുത്ത ട്രംപിന്റെ നിലപാടുമാണെന്ന് ഉറപ്പിക്കാം. അതുകൊണ്ടാണ് നോവല്‍ കൊറോണ വൈറസിന്റെ അട്ടിമറി കൂടിയായി ട്രംപിന്റെ പരാജയത്തെ കാണണമെന്ന് പറയുന്നത്. വെളുത്ത വര്‍ഗക്കാരായ പുരുഷന്‍മാര്‍ കൂടുതലായി ബൈഡനെ പിന്തുണച്ചതിന് കാരണം ട്രംപിനേക്കാള്‍ മാന്യനായ വെളുത്ത പുരുഷന്‍ എന്നതല്ലാതെ മറ്റൊന്നുമാകാന്‍ ഇടയില്ല.
ജനാധിപത്യ വിരുദ്ധമായ ഫാസിസ്റ്റ് മനോഭാവത്തെ ഇനിയും വെച്ചുവാഴിക്കേണ്ടെന്ന് തീരുമാനിച്ചവരും വംശവെറിയെ മൗനം കൊണ്ട് തുണക്കുന്ന അധികാരി തുടരുന്നത് ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് ഭയന്നവരുമൊക്കെ ബൈഡന്റെയും കമലാ ഹാരിസിന്റെയും വിജയത്തിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നത് മറക്കുന്നില്ല. എന്നാല്‍ അതിലേറെ സംഭാവന ചെയ്തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണെന്ന് പറയേണ്ടിവരും. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആഫ്രോ – അമേരിക്കന്‍ വംശജരുടെ എണ്ണം വലിയ തോതില്‍ കൂടിയിട്ടുണ്ട്. അതേസമയം, അതില്‍ ട്രംപിന് വോട്ട് ചെയ്തവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് പ്രാഥമികമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2016നെ അപേക്ഷിച്ച് ആഫ്രോ – അമേരിക്കന്‍ വംശജരില്‍ നിന്ന് ട്രംപിന് ലഭിച്ച വോട്ടുകളുടെ എണ്ണം നാല് ശതമാനത്തോളം കൂടിയിരിക്കുന്നു. ട്രംപിനെതിരായ ഘടകങ്ങള്‍ കൂടുതലുണ്ടായിരിക്കെത്തന്നെ വലിയൊരു വിജയം നേടാന്‍ ബൈഡനായില്ലെന്നതും കണക്കിലെടുക്കണം.
അധികാരോന്മാദം പരസ്യമായി പ്രകടിപ്പിച്ച് കോമാളിയെന്ന പ്രതിച്ഛായ നേടിയെടുത്ത, ഫാസിസ്റ്റ് പ്രവണത പരസ്യമായി പ്രകടിപ്പിക്കുന്ന, ഏറ്റവും വലിയ ജനാധിപത്യമെന്ന അമേരിക്കന്‍ അഹങ്കാരത്തിന് മങ്ങലേല്‍പ്പിച്ച ട്രംപ് ഇനി വേണ്ട എന്ന് മാത്രമേ അമേരിക്കന്‍ ജനത തീരുമാനിക്കുന്നുള്ളൂ. അധികാരോന്മാദം പക്വമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന, ഫാസിസ്റ്റ് പ്രവണത പ്രകടിപ്പിക്കാതെ അമേരിക്കയുടെ അധിനിവേശ മനസ്സിനെ മന്നോട്ടു നയിക്കാന്‍ കഴിയുന്ന, വംശവെറിയെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ വെളുത്തവന്റെ വരേണ്യത നിലനിര്‍ത്താന്‍ കഴിയുന്ന പ്രസിഡന്റാകും ബൈഡനെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ ജനത ചാഞ്ചാടിയത്. വിജയമുറപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ അമേരിക്കയുടെ ആഗോള നേതൃപദവി തിരിച്ചുപിടിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത് ഈ പ്രതീക്ഷകള്‍ മനസ്സിലാക്കി തന്നെയാണ്. ബരാക് ഒബാമക്കൊപ്പം വൈസ് പ്രസിഡന്റായിരുന്നു ബൈഡനെങ്കിലും ഒബാമയല്ല ബൈഡന്‍. ഉന്നതമായ ജനാധിപത്യ ബോധത്തേക്കാള്‍ അമേരിക്കയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് ലോകം ചലിക്കണമെന്ന ചിന്ത തന്നെയാകും ബൈഡനെ നയിക്കുക. ആയതിനാല്‍ വൈറ്റ് ഹൗസില്‍ നിന്ന് ട്രംപ് മാറുന്നുവെന്നേയുള്ളൂ. അങ്ങനെയുള്ള മാറ്റങ്ങള്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ചില സൗന്ദര്യവത്കരണ പരിപാടികളുണ്ട്. അതുമാത്രം ബൈഡനില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ മതിയാകും.
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിത്തുടങ്ങിയ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയാണ് കൊവിഡ് 19 പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വലിച്ചിട്ടിരിക്കുന്നത്. അവിടെ നിന്നുള്ള തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ബൈഡന്, ട്രംപിന്റെ അതേ പാതയില്‍ ചരിക്കേണ്ടിയും വന്നേക്കാം. ഫലസ്തീനിലെ ജനങ്ങളെയോര്‍ത്ത് കണ്ണീരണിഞ്ഞതോ ഇറാനുമായുള്ള കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയതിനെ വിമര്‍ശിച്ചതോ ഒന്നും അദ്ദേഹം ഓര്‍ത്തുകൊള്ളണമെന്നില്ല.

ALSO READ  ക്ലാസ് മുറിയിൽ എന്ത് സംഭവിക്കും?