Connect with us

National

വായു മലിനീകരണം; ഡല്‍ഹിയില്‍ പടക്കത്തിന് നിരോധനം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും നിയന്ത്രണം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്‍ക്കുന്നതും പൊട്ടിക്കുന്നതും ഈമാസം 30 വരെ നിരോധിച്ചു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഹരിത ട്രൈബ്യൂണലാണ് നടപടി സ്വീകരിച്ചത്. വായു മലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നഗര പ്രദേശങ്ങള്‍ക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ചാണ് നടപടിയെങ്കിലും അതിനു ശേഷമുള്ള ദിവസങ്ങളിലും നിരോധനം ബാധകമായിരിക്കും.

എന്നാല്‍, വായുമലിനീകരണ തോത് കുറഞ്ഞ പ്രദേശങ്ങളില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് തടസമില്ല. അവിടെയും പരമാവധി രണ്ടു മണിക്കൂര്‍ സമയം മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി നല്‍കാന്‍ പാടുള്ളൂ. മലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുന്ന മേഖലയാണെങ്കില്‍ നിരോധനമോ, നിയന്ത്രണമോ ഏര്‍പ്പെടുത്തണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനിച്ചിരുന്നു. കര്‍ണാടകയില്‍ ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഹരിയാനയില്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കാനാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം.