Connect with us

Editorial

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Published

|

Last Updated

കൊവിഡ് സൃഷ്ടിച്ച മരവിപ്പിനിടെ ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയായി കേരളം. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബര്‍ 8,10,14 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പും ഡിസംബര്‍ 16ന് വോട്ടെണ്ണലും നടക്കും. 34,744 പോളിംഗ് ബൂത്തുകളിലായി 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതാനുള്ളത്. 50 ശതമാനം സീറ്റും വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കയാല്‍ സ്ഥാനാര്‍ഥികളില്‍ ഏറെയും വനിതകളായിരിക്കും. ഇതിനകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞ തിരുവനന്തപുരം കോര്‍പറേഷനില്‍ സി പി എമ്മിന്റെ സ്ഥാനാര്‍ഥികളില്‍ 66 ശതമാനവും സ്ത്രീകളാണ്.

ചരിത്രത്തിലെ ഏറ്റവും ബഹളവും ഒച്ചപ്പാടും കുറഞ്ഞ തിരഞ്ഞെടുപ്പായിരിക്കും നടക്കാനിരിക്കുന്നത്. കൊവിഡ് വ്യാപനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ കടുത്ത നിയന്ത്രണങ്ങളാണ് വരണാധികാരി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിന് മൂന്ന് പേരും ഒരു വാഹനവും മാത്രമേ എത്താവൂ. ആള്‍ക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ അരുത്. കണ്ടെയ്ന്‍മെന്റ് സോണുകളിലോ ക്വാറന്റൈനിലോ ഉള്ളവര്‍ പത്രികാ സമര്‍പ്പണത്തിന് മുന്‍കൂട്ടി അറിയിച്ചു അനുവാദം വാങ്ങണം. പ്രചാരണ രംഗത്ത് ജാഥയും ആള്‍ക്കൂട്ടവും കൊട്ടിക്കലാശവും പാടില്ല. ഭവന സന്ദര്‍ശനത്തിന് അഞ്ചിലധികം പേര്‍ അരുത്. വീടുകളില്‍ കയറി വോട്ട് ചോദിക്കാവതല്ല. വോട്ടര്‍ സ്ലിപ്പ് കൈയില്‍ കൊടുക്കുന്നതിനു പകരം പുറത്ത് വെക്കണം. പൊതുയോഗത്തിനും കുടുംബ യോഗത്തിനും വിജയാഹ്ലാദത്തിനും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ കൊവിഡ് നിബന്ധനകള്‍ പാലിച്ചിരിക്കണം. മാല അണിയിച്ചുള്ള സ്വീകരണത്തിനു വിലക്കുണ്ട്. പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടനെ പ്രചാരണ രംഗത്തുനിന്ന് പിന്മാറണം.

പൊതുവേദികളിലെ ഈ നിയന്ത്രണം മൂലം സോഷ്യല്‍ മീഡിയയെ ആശ്രയിച്ചായിരിക്കും പ്രചാരണം കൊഴുപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പായി ഇതുമാറും. തെരുവുകളിലെ പ്രകടനത്തിനു പകരം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാമായിരിക്കും പോരാട്ടത്തിന്റെ തീവ്രത കാണപ്പെടുന്നത്. ആള്‍ക്കൂട്ട പ്രകടനം വേണ്ടാത്തതിനാല്‍ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്കു പോലും നിറഞ്ഞാടാന്‍ പറ്റിയ ഇടം കൂടിയാണല്ലോ സോഷ്യല്‍ മീഡിയ. രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും ഉയര്‍ത്തിക്കാട്ടാനും എതിര്‍ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും തുറന്നുകാട്ടാനും ട്രോളുകളും പുതിയ പരീക്ഷണങ്ങളുമായി പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സൈബറിടത്തെയായിരിക്കും മുഖ്യമായും ആശ്രയിക്കുക. വോട്ടര്‍മാരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയക്കുള്ള കഴിവ് കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കി കഴിഞ്ഞതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെയുള്ള 9,27,533 പോളിംഗ് ബൂത്തുകളെയും കേന്ദ്രീകരിച്ച് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തന്നെ ആരംഭിച്ചിരുന്നു ചില പ്രമുഖ പാര്‍ട്ടികള്‍. അതേസമയം ഏറ്റവുമധികം ദുരുപയോഗം നടക്കുന്ന ഒരു മേഖല കൂടിയാണ് സോഷ്യല്‍ മീഡിയ. നുണക്കഥകളും വ്യാജവാര്‍ത്തകളും വന്‍തോതില്‍ പ്രചരിക്കപ്പെട്ടേക്കാം. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍ ഇതിനെല്ലാം കടുത്ത നിയന്ത്രണം ആവശ്യമാണ്. ഇതോടൊപ്പം കളങ്കിതരെയും ആരോപണ വിധേയരെയും സ്ഥാനാര്‍ഥികളാക്കാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. മുഴുസമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, ശുദ്ധമായ കരങ്ങളായിരിക്കട്ടെ ഇനി മുതല്‍ നമ്മുടെ തദ്ദേശസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്.

പ്രാദേശിക പ്രശ്‌നങ്ങള്‍ക്കാണ് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പ്രാമുഖ്യം കല്‍പ്പിക്കേണ്ടതെങ്കിലും സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവുമൊക്കെയായിരിക്കും അരങ്ങു തകര്‍ക്കുക. 2015ലെ രാഷ്ട്രീയ അവസ്ഥ അല്ല ഇപ്പോഴത്തേത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങളില്‍ പെട്ടുഴലുകയാണ് ഇടതു മുന്നണി. ഇത് പ്രചാരണായുധമാക്കി നേട്ടം കൊയ്യാമെന്ന് യു ഡി എഫ് കണക്കുകൂട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് മഞ്ചേശ്വരം എം എല്‍ എയുടെ അറസ്റ്റ്, ഷാജി എം എല്‍ എക്കെതിരായ ഇന്റലിജന്‍സ് അന്വേഷണം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ കളംമാറല്‍ തുടങ്ങിയ വിഷയങ്ങള്‍ അവര്‍ക്കു നേരേ ഫണമുയര്‍ത്തിയത്. ബി ജെ പിയിലാണെങ്കില്‍ മുമ്പെങ്ങുമില്ലാത്ത വിധം ചേരിപ്പോര് രൂക്ഷമാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍, പി എം വേലായുധന്‍, കെ പി ശ്രീശന്‍ എന്നിങ്ങനെ പാര്‍ട്ടി നേതാക്കള്‍ ഒന്നൊന്നായി പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നുകൊണ്ടിരിക്കുന്നു. പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ കൂടെനിര്‍ത്തി പുതിയ ഗ്രൂപ്പ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന ബി ജെ പിയില്‍ ഇപ്പോള്‍ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനമല്ല, ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്നും കാണിച്ച് ഒരു പറ്റം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിയായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഇടതു മുന്നണിക്ക് ഈ തിരഞ്ഞെടുപ്പിനെ അതിജീവിക്കാനായാല്‍, ചുരുങ്ങിയ പക്ഷം 2015ലെ നേട്ടമെങ്കിലും നിലനിര്‍ത്താനായാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. യു ഡി എഫാണ് കൂടുതല്‍ നേട്ടം കൈവരിക്കുന്നതെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ അവരുടെ അധ്വാനവും കുറയും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പിണറായി സര്‍ക്കാറിനെ പരമാവധി വേട്ടയാടിക്കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാറെങ്കിലും നാല് വര്‍ഷത്തെ ഭരണ നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരിയുടെ അറസ്റ്റ്, ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങിയവ പ്രചാരണായുധമാക്കി ഇടതു മുന്നണിയെ അതിജയിക്കാനാകുമെന്ന് യു ഡി എഫും വിശ്വസിക്കുന്നു.

Latest