രിബാത്വു സ്വഫ

Posted on: November 8, 2020 5:02 pm | Last updated: November 12, 2020 at 5:04 pm

ദാറുൽ മുസ്ത്വഫയുടെ കീഴിലുള്ള പഠന കേന്ദ്രമാണ് രിബാത്വു സ്വഫ. രണ്ട് നിലകളുള്ള മനോഹരമായ കെട്ടിടത്തിനോട് ചേർന്ന് വിശാലമായ ജുമുഅ മസ്ജിദ് സ്ഥിതി ചെയ്യുന്നുണ്ട്. ദാറുൽ മുസ്്ത്വഫയുടെ അതേ സിലബസിൽ പ്രാഥമിക തലം തൊട്ട് മതപഠനം നടത്താൻ ഇവിടെ സൗകര്യമുണ്ട്. അവർക്കാവശ്യമായ ക്ലാസ് മുറികളും താമസ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ദൗറയുടെ കാലമാണെന്ന് ക്യാമ്പസിന്റെ കവാടത്തിലെ ഫ്ലക്‌സ് ബോർഡ് വായിച്ചപ്പോൾ മനസ്സിലായി. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള തസ്‌കിയ കോഴ്‌സാണ് ദൗറ. നമ്മുടെ നാട്ടിലെ വെക്കേഷൻ ക്യാമ്പ് പോലെ. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കോഴ്‌സുകളാണ് നൽകുന്നത്.

ഞങ്ങൾ ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു. വിശാലമായ നടുത്തളം മാർബിൾ പതിച്ച് ഉപയോഗ യോഗ്യമാക്കിയിരിക്കുന്നു. വിശ്രമിക്കാനായി ഒന്നാം നിലയിലുള്ള ഒരു മുറിയിലേക്ക് ആരിഫ് മഹ്ഫൂസ് ഞങ്ങളെ കൊണ്ടുപോയി.
മുറിയുടെ വരാന്തയിൽ നിൽക്കുന്ന ഒരു യമനീ പണ്ഡിതനെ പരിചയപ്പെട്ടു. പേര് ശൈഖ് അവദ് ബാ ഖമീസ്. ഇന്ത്യയെക്കുറിച്ചും യമനിലേക്കുള്ള യാത്രയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചറിഞ്ഞു.

ഹളർമൗത്തിലേക്കുള്ള ഇനിയുള്ള നിങ്ങളുടെ യാത്ര അത്യന്തം ദുഷ്‌കരമാണെന്ന് അദ്ദേഹം ഞങ്ങളെ ബോധ്യപ്പെടുത്തി. വഴിയിൽ ഗോത്രവർഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ നടക്കുന്നുണ്ടത്രെ. റോഡ് ഉപരോധിച്ചത് കാരണം ബസ് ഗതാഗതം നിലച്ചിരിക്കുകയാണ്. ഇവിടെ നിന്നും എപ്പോൾ പുറപ്പെടാനാകുമെന്ന് ഒരു നിശ്ചയവുമില്ലെന്ന് അദ്ദേഹം ഞങ്ങളെ ഓർമപ്പെടുത്തി. ശഅബാനിന്റെ അവസാന ദിനങ്ങളിലാണ്. രണ്ട് ദിവസവും കൂടി കഴിഞ്ഞാൽ റമസാനിന്റെ ദിനരാത്രങ്ങളാണ്. അതിന് മുമ്പ് ദാറുൽ മുസ്്ത്വഫയിലെത്താൻ വഴിയുണ്ടാക്കണേ എന്ന് മനസ്സിൽ പ്രാർഥിച്ചു.

അൽപ്പ നേരത്തെ വിശ്രമത്തിന് ശേഷം കുളിച്ച് അംഗശുദ്ധി വരുത്തി ജുമുഅക്കായി പള്ളിയിലെത്തി. യമനിലെ ആദ്യത്തെ ജുമുഅ നിസ്‌കാരം. ബാങ്ക് വിളിക്കുന്നതിന് മുമ്പ് തന്നെ ഏകദേശം പള്ളി നിറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ജനങ്ങളും പാരമ്പര്യ യമനീ വേഷമാണ് ധരിച്ചിരിക്കുന്നത്. കള്ളിത്തുണിയും അരപ്പട്ടയും അരയിൽ ജംബിയയും (വളഞ്ഞ, ചിത്രപ്പണിയുള്ള കവറിൽ തിരുകിയ കത്തി) യമനീ ഷാൾ കൊണ്ടുള്ള തലപ്പാവും. ബാക്കിയുള്ളവർ അറബി തോപ്പും ധരിച്ചിരിക്കുന്നു. നമ്മുടെ നാട്ടിലെപ്പോലെത്തന്നെ യമനികൾ ശാഫി മദ്ഹബ് അവലംബിക്കുന്നതിനാൽ കർമങ്ങളിൽ കൗതുകമൊന്നും തോന്നിയില്ല. ഹബീബ് അഹ്്മദ് ബിൻ ഹസൻ ഹബശിയാണ് ജുമുഅക്ക് നേതൃത്വം നൽകിയത്. അദ്ദേഹമാണ് രിബാത്വു സ്വഫയുടെ നായകൻ.

നിസ്‌കാരവും പ്രാർഥനയും കഴിഞ്ഞ് ആളുകൾ പരസ്പരം സൗഹൃദം പങ്കുവെച്ച് ഹസ്തദാനവും ആലിംഗനവും ചെയ്ത് പിരിഞ്ഞുപോകുന്നത് വേറിട്ട അനുഭവമായി. ഭക്ഷണത്തിനായി ഞങ്ങൾ കാന്റീനിലേക്ക് പോയി. വൃത്തിയും വെടിപ്പുമുള്ള ഈ ഹാളിൽ നിലത്തിരുന്ന്, ഒരു പാത്രത്തിന് ചുറ്റും ആറ് പേർ വീതം ചേർന്നുകൊണ്ടാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. ആട് മന്തിയും സൂപ്പുമാണ് വിഭവം.

ക്യാമ്പസിലെ വിദ്യാർഥികളോടൊപ്പം ഞങ്ങളും ഭക്ഷണത്തിൽ പങ്കു ചേർന്നു. യാത്ര തുടരാനാകാത്തത് കാരണം ആശങ്കയോടെയാണ് ഓരോ രാപകലുകൾ കടന്നുപോയത്. ഇപ്പോൾ ഇവിടെ എത്തിയിട്ട് രണ്ട് ദിവസം പിന്നിട്ടു. ഹളർമൗത്തിലേക്കുള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഖബീലകൾ തമ്മിലുള്ള സംഘർഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഗതാഗത യോഗ്യമായാൽ പറയാമെന്നും ശൈഖ് ബാ ഖമീസ് ഞങ്ങളെ അറിയിച്ചു. സ്വൻഅയിൽ നിന്നും ഹളർമൗത്തിലെ സൈഊൻ വിമാനത്താവളത്തിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വിമാന സർവീസുണ്ട്. അവിടെ നിന്നും ദാറുൽ മുസ്്ത്വഫയിലേക്ക് മുപ്പത്തഞ്ച് കിലോമീറ്റർ യാത്ര മാത്രമാണുള്ളത്. ഒരു ദിവസം കൂടി കാത്തിരിക്കുക; ബസ് കിട്ടിയില്ലെങ്കിൽ വിമാനമാർഗം പോകാമെന്ന് മനസ്സിലുറപ്പിച്ചു. ശഅബാൻ ഇരുപത്തൊമ്പതായിരുന്നു അന്ന്, മാസപ്പിറവി കണ്ടാൽ നാളെ റമസാൻ ആരംഭിക്കും! ഇതുവരെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാത്തതിലുള്ള മനോവിഷമം വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. മാസപ്പിറവി കണ്ടിട്ടില്ലെന്ന വിവരം ഇശാഅ് നിസ്‌കാര ശേഷം അറിയാൻ കഴിഞ്ഞു. ഹളർമൗത്തിലേക്ക് ബസ് സർവീസ് പുനരാരംഭിച്ചിരിക്കുന്ന സന്തോഷവാർത്തയും ഞങ്ങളെ തേടിയെത്തി. രാത്രി തന്നെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ പോയി യാത്രക്കുള്ള രേഖകൾ ശരിയാക്കി, വൈകാതെ റൂമിലെത്തി. അടുത്ത ദിവസമാണ് ഹളർമൗത്തിലേക്കുള്ള യാത്ര…