സി ബി ഐ ആരുടെ തത്തയാണ് ?

Posted on: November 8, 2020 7:51 pm | Last updated: November 8, 2020 at 7:51 pm

സി ബി ഐ കേസുകൾ ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതിന് കേരളവും തടയിട്ടിരിക്കുന്നു. ഏതെങ്കിലും കേസിൽ സി ബി ഐ അന്വേഷണത്തിന്‌ ഭരണഘടനാ കോടതി ഉത്തരവിട്ടാൽ സി ബി ഐക്ക് അന്വേഷിക്കാം. അല്ലാത്തപക്ഷം സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന കേസുകളിൽ അന്വേഷണം നടത്തുന്നതിന് അതത് സംസ്ഥാന സർക്കാറുകൾ പൊതു സമ്മതപത്രം നൽകിയെങ്കിൽ മാത്രമേ സി ബി ഐക്ക് വഴിയൊരുങ്ങുകയുള്ളൂ.
നേരത്തേ സംസ്ഥാന സർക്കാർ നൽകിയ പൊതു സമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. സി ബി ഐക്ക് സംസ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലാൻ പൊതു സമ്മതം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണ്? 1946 ലെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സ്ഥാപിക്കപ്പെട്ടതാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ). സംസ്ഥാനങ്ങളിൽ പോലീസ് ചെയ്യേണ്ട കേസന്വേഷണമടക്കമുള്ള ദൗത്യം നിർവഹിക്കുന്ന കേന്ദ്ര ഏജൻസി എന്നതാണ് സി ബി ഐയുടെ നിയമപരമായ അസ്തിത്വം. അങ്ങനെയാണ് അത് പ്രവർത്തിച്ചു വരുന്നതും.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുണ്ടാകേണ്ടത് കോർപറേറ്റീവ് ഫെഡറലിസം മാനദണ്ഡമാക്കിയുള്ള ബന്ധമാണ്. യൂനിയൻ, സ്റ്റേറ്റ്, കൺകറന്റ് എന്നീ മൂന്ന് വിഭാഗങ്ങളിലായി നിയമ നിർമാണാധികാരം അതിര് നിശ്ചയിച്ച് വേർത്തിരിക്കുന്ന ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ ഊന്നൽ അതാണ്. കൺകറന്റ് ലിസ്റ്റിലെ പ്രമേയങ്ങളിൽ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും ഒരുപോലെ നിയമ നിർമാണം സാധ്യമാകുന്നതിലൂടെ പരസ്പരം നിയമപരമായ പരമാധികാരം പങ്കിടുന്ന കോർപറേറ്റീവ് ഫെഡറലിസത്തിന്റെ ഇനിയും വികസിക്കേണ്ട രൂപമാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്.
മേൽചൊന്ന മൂന്ന് ലിസ്റ്റുകളിൽ പോലീസ് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള വിഷയമാണ്. അപ്പോൾ അതേ ലക്ഷ്യവുമായി ഒരു കേന്ദ്ര ഏജൻസി സംസ്ഥാനങ്ങളുടെ ഭരണത്തിൽ ഇടങ്കോലിടുന്നത് ഒഴിവാക്കാനാണ് സംസ്ഥാനങ്ങളിൽ സി ബി ഐക്ക് നിരുപാധിക അനുമതി വേണ്ടെന്നു വെച്ചത്. സ്പെഷ്യൽ പോലീസ് ആക്ടിലെ ആറാം വകുപ്പിൽ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് നിർദേശിച്ചത് അതുകൊണ്ടാണ്.
അന്താരാഷ്ട്ര ബന്ധമുള്ളതടക്കം ദേശീയ തലത്തിലുള്ള വിവിധ മേഖലകളിലെ കേസുകൾ അന്വേഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് സി ബി ഐക്കുള്ളത്. കേന്ദ്ര ഏജൻസിയായ സി ബി ഐ സംസ്ഥാന പോലീസിന് സമാന്തരമായി കേസന്വേഷിക്കുന്ന ഏജൻസിയായി (പ്രൊഫഷനലിസം വർധിക്കുമെങ്കിലും) സംസ്ഥാനങ്ങളിലെത്തുമ്പോൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ എങ്ങനെ നിലനിൽക്കും എന്ന കുഴക്കുന്ന ചോദ്യം ഭരണഘടനാ നിർമാണ സമിതിയിലെ ചർച്ചയിൽ ഉയർന്നിരുന്നു. സംസ്ഥാനങ്ങളിൽ കേസുകൾ എങ്ങനെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്നറിയാനുള്ള പൊതുവായ അന്വേഷണമാണ് സി ബി ഐ നടത്തേണ്ടത്. മറിച്ച് ക്രിമിനൽ നടപടി ക്രമമനുസരിച്ച് കുറ്റാരോപിതനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന അന്വേഷണമല്ല. അത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ് എന്നായിരുന്നു ഭരണഘടനാ നിർമാണ സമിതി അന്തിമമായി വിലയിരുത്തിയത്. പക്ഷേ, പ്രസ്തുത തീർപ്പ് ഏട്ടിലെ പശു പോലെയായെന്ന് മാത്രം.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ ഭരണഘടനാപരമായ അതിർവരമ്പുകൾ കൃത്യമാണ്. എന്നാൽ പ്രായോഗിക തലത്തിൽ അതല്ല നടക്കുന്നത്.

ALSO READ  കാണൂ, സംഘ്പരിവാര്‍ മാതൃകാ രാജ്യം!

സി ബി ഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന പ്രവണത ഏറിവന്നത് 2014ൽ മോദി സർക്കാർ അധികാരത്തിലേറിയതോടെയാണ്. ബി ജെ പി ഇതര കക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾക്ക് സ്വസ്ഥമായി ഭരണം നടത്താൻ കഴിയാത്ത വിധം സി ബി ഐ ഗാലറിയിലിരുന്ന് കളി നിയന്ത്രിക്കുന്നതിലേക്കെത്തിയപ്പോഴാണ് പല സംസ്ഥാനങ്ങളും സി ബി ഐക്ക് മുമ്പിൽ വാതിലടച്ചത്. 2018 നവംബറിലാണ് ആന്ധ്രാ പ്രദേശിലെ ഭരണകക്ഷിയായിരുന്ന ടി ഡി പി തങ്ങളുടെ മന്ത്രിമാരെ കേന്ദ്രാധികാരത്തിന്റെ ബലത്തിൽ സി ബി ഐയെ ഉപയോഗിച്ച് ബി ജെ പി വേട്ടയാടുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതു സമ്മതപത്രം പിൻവലിച്ചത്. വൈകാതെ പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും അതേവഴി സ്വീകരിച്ചു.കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢ് 2019 ജനുവരിയിൽ സംസ്ഥാനത്ത് സി ബി ഐയെ വിലക്കിയപ്പോൾ രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ കൃത്യമായ തയ്യാറെടുപ്പോടെ സി ബി ഐ അന്വേഷണത്തിന് ബി ജെ പി മുറവിളി കൂട്ടിയപ്പോൾ കഴിഞ്ഞ ജനുവരിയിൽ രാജസ്ഥാനും സി ബി ഐയെ പടിയടച്ച് പുറത്താക്കി. ബി ജെ പി സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ്, എൻ സി പി സഖ്യമുണ്ടാക്കി ശിവസേന മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയതിൽ പിന്നെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി കൂട്ടുകക്ഷി സർക്കാറിനെതിരെ തക്കം പാർത്തിരിക്കുകയാണ്. നിരന്തര വിവാദങ്ങളിലൂടെ ഒരട്ടിമറി ലക്ഷ്യം മുന്നിൽ വെച്ച് ബി ജെ പി തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അർണബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും അതിനുവേണ്ട മണ്ണൊരുക്കം വളരെ നന്നായി നടത്തി.

മഹാരാഷ്ട്രയിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിൽ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ അന്വേഷണം ഏറ്റെടുത്തത് മുംബൈ പോലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു. തുടർന്ന് ടി ആർ പി റേറ്റിംഗിൽ കൃത്രിമം നടത്തിയ കേസിലും രാഷ്ട്രീയ താത്പര്യത്തോടെ സി ബി ഐ എത്തുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് ഈയിടെ മഹാരാഷ്ട്ര സർക്കാറും സി ബി ഐ അന്വേഷണത്തിന് വേണ്ട പൊതു സമ്മതപത്രം പിൻവലിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ തുടങ്ങി സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിലേക്ക് വരെ സി ബി ഐ പരിധിവിട്ട കടന്നുകയറ്റം നടത്തുന്നതിന് പിന്നിൽ വ്യക്തമായ അജൻഡകളുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന സർക്കാറും സി ബി ഐക്ക് വിലക്കേർപ്പെടുത്തിയത്. ഒടുവിലായി ഝാർഖണ്ഡും സി ബി ഐയെ വിലക്കിയിരിക്കുകയാണിപ്പോൾ.

രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന്റെ ഭാഗമാണ് ഫെഡറലിസം. മതനിരപേക്ഷതക്കും നീതിന്യായ സ്വാതന്ത്യത്തിനുമെല്ലാം കടുത്ത ഭീഷണി ഉയർത്തുന്ന ഏകശിലാത്മകമായ ഒരു ആശയ പരിസരത്ത് നിന്ന് ചിന്തിക്കുമ്പോൾ ദേശീയവും പ്രാദേശികവുമായ വൈജാത്യങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ വൈവിധ്യങ്ങൾ വേട്ടയാടപ്പെടേണ്ടതാണ്. രാഷ്ട്ര ഭരണം പരമാധികാര കേന്ദ്രീകൃതമാകുകയും വേണം. അതിനാലാണ് ഫെഡറൽ തത്വങ്ങൾക്ക് മോദി സർക്കാർ പുല്ലുവില കൽപ്പിക്കാത്തത്. കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ മാത്രമല്ല, നയപരവും സാമ്പത്തികവുമായ വ്യവഹാരങ്ങളിലൊക്കെയും ഫെഡറൽ മൂല്യങ്ങളോടുള്ള വിപ്രതിപത്തി തന്നെയാണ് കാണാൻ സാധിക്കുന്നത്.

ALSO READ  മാധ്യമ സ്വാതന്ത്ര്യം ഓര്‍മവന്നതിപ്പോഴോ?

സി ബി ഐയെ രാഷ്ട്രീയമായി ദുർവിനിയോഗം ചെയ്യുന്നതോടൊപ്പം അതിനകത്തെ അധികാര ശ്രേണിയിലെ ബ്രാഹ്മണിക്കൽ മേൽക്കോയ്മാ മനോഭാവവും വർഗീയ കാഴ്ചപ്പാടുകളും ഒരു സ്വതന്ത്ര അന്വേഷണ ഏജൻസി എന്നതിൽ നിന്ന് ഭരണകൂട ചട്ടുകമെന്ന അപചയത്തിലേക്ക് അതിനെ മാറ്റിയിരിക്കുന്നു. ആക്ടിവിസ്റ്റും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിമർശകനുമായിരുന്ന സ്വാമി അഗ്നിവേശ് മരണപ്പെട്ടപ്പോൾ സി ബി ഐ മുൻ തലവൻ എം നാഗേശ്വരറാവു ട്വിറ്ററിൽ കുറിച്ച വരികൾ അത്രമേൽ മനുഷ്യത്വ വിരുദ്ധവും വിഷലിപ്തവുമായിരുന്നു.

“ശുഭ പര്യവസാനം. കാവി ധരിച്ച ഹിന്ദു വിരുദ്ധനായിരുന്നു നിങ്ങൾ. ഹിന്ദൂയിസത്തിന് നിങ്ങൾ അനേകം നഷ്ടങ്ങളുണ്ടാക്കി. നിങ്ങൾ ഒരു തെലുങ്ക് ബ്രാഹ്മണനായി ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. ആട്ടിൻ തോലണിഞ്ഞ സിംഹമാണ് സ്വാമി അഗ്നിവേശെന്ന് എഴുതിയ നാഗേശ്വരറാവു യമരാജൻ ഇത്ര വൈകിയതിൽ തന്റെ പരിഭവവും പങ്കുവെക്കുകയുണ്ടായി. സി ബി ഐ ഡയറക്ടർ ജനറൽ അലോക് വർമയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിൽ കടുത്ത അധികാര വടംവലി നടന്ന 2018ൽ സി ബി ഐ ഇടക്കാല ഡയറക്ടറായിരുന്നു എം നാഗേശ്വരറാവു.

2019 ജൂലൈ വരെ അഡീഷനൽ ഡയറക്ടറായി നാഗേശ്വരറാവു സി ബി ഐ തലപ്പത്തുണ്ടായിരുന്നു. ഭരണഘടനക്ക് വിധേയമായി വിശ്വാസ്യതയോടെ പ്രവർത്തിക്കേണ്ട രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയെ ഇപ്പരുവത്തിലാക്കിയതിൽ കേന്ദ്ര സർക്കാറിന് മുഖ്യ പങ്കുണ്ട്.
നിയമപരമായ അസ്തിത്വമുള്ള രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസിയെപ്പോലും തങ്ങളുടെ പ്രതിലോമകരമായ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ഉപകരണമാക്കി മാറ്റിയതിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധമാണ് സി ബി ഐക്ക് പ്രവേശനം നിഷേധിക്കുന്നതിലൂടെ സംസ്ഥാന സർക്കാറുകൾ ചെയ്യുന്നത്.