Connect with us

National

നോട്ട് നിരോധനത്തെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി; ദേശീയ പുരോഗതിക്ക് ഗുണം ചെയ്തുവെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | നോട്ട് നിരോധനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. നോട്ട് നിരോധനം കള്ളപ്പണം കുറയ്ക്കുന്നതിനും നികുതി വരുമാനം കൂടുവാനും കാരണമായതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദേശീയ പുരോഗതിക്ക് ഇത് വളരെയധികം ഗുണം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് മോദിയുടെ ട്വീറ്റ്.

2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. അന്ന് അര്‍ധരാത്രി മുതല്‍ തന്നെ നിരോധനം നിലവില്‍ വന്നതോടെ ജനം വലഞ്ഞു. പഴയ നോട്ട് മാറ്റി ലഭിക്കാനായി ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും മണിക്കൂറുകള്‍ ക്യൂ നിന്നത് ചരിത്രം. 50 ദിവസം കൊണ്ട് എല്ലാ പ്രതിസന്ധികളെയും മറികടക്കുമെന്നും അല്ലെങ്കില്‍ തനിക്ക് എന്ത് ശിക്ഷയും വിധിക്കാമെന്നും മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നോട്ട് നിരോധനം തീര്‍ത്ത ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മോചിതമായില്ല. ഇതിന്റെ പരിണിതഫലമായി 2016ല്‍ 8.25 സാമ്പത്തിക വളര്‍ച്ചയില്‍ നിന്ന് 2019ല്‍ 5.02 എന്ന നിലയിലേക്ക് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തി. ഇപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല.

കള്ളപ്പണം പിടികൂടുവാനാണ് നോട്ട് നിരോധനം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നാല്‍. നിരോധിച്ച നോട്ടുകളില്‍ 99.30 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതോടെ കള്ളപ്പണം എവിടെയെന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാറിന് ഉത്തരംമുട്ടി.

Latest