Connect with us

International

പ്രായോഗികവാദി, പരിചയ സമ്പന്നന്‍; അമേരിക്കക്ക് ഇനി കരുത്തനായ പ്രസിഡന്റ്

Published

|

Last Updated

യുഎസ് രാഷ്ട്രീയത്തിലെ പരിചിത മുഖം. തികഞ്ഞ പ്രായോഗികവാദി. അനുഭവസമ്പത്തിന്റെ കരുത്തുള്ള നേതാവ്. വനിതാ ക്ഷേമത്തിന് വേണ്ടി നിലകൊണ്ടയാള്‍… അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്. 2009 മുതല്‍ 2017 വരെ ബറാക് ഒബാമ ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായതിന്റെ അനുവ സമ്പത്തുമായാണ് ബൈഡന്‍ വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ഉപവിഷ്ടനാകുന്നത്. അന്ന് ഭരണരംഗത്ത് കാണിച്ച മികവാണ് അദ്ദേഹത്തിന് ഇന്ന് വന്‍ ജനസമ്മതി നല്‍കിയതന്നെ് വിദഗ്ധര്‍ വിലയിരുത്തുന്നു. ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ബൈഡന് കരുത്താവുക ഈ അനുഭവങ്ങള്‍ തന്നെയാകും.

യുഎസ് രാഷ്ട്രീയത്തില്‍ ഏറെ വര്‍ഷത്തെ പരിചയമുള്ള ബൈഡന്‍ 36 വര്‍ഷം സെനറ്റ് അംഗമായിരുന്നു. സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ ഭാഗമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് കമല ഹാരിസ് എന്ന വനിതയെ കൊണ്ടുവരാന്‍ ബൈഡന്‍ മുന്‍കൈ എടുത്തതും. ഇടക്കാലത്ത് അദ്ദേഹത്തിന് എതിരെ ലൈംഗിക ആരോപണങ്ങളുമായി ചില സ്ത്രീകള്‍ രംഗത്ത് വന്നുവെങ്കിലും അതോന്നും അമേരിക്കന്‍ ജനത മുഖവിലക്ക് എടുത്തില്ലെന്നാണ് തിരഞ്ഞെുപ്പ് ഫലം കാണിക്കുന്നത്.

1942 നവംബര്‍ 20ന് വടക്കുകിഴക്കന്‍ പെന്‍സില്‍വേനിയയിലെ സ്‌ക്രാന്റന്‍ പട്ടണത്തിലാണ് ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്റെ ജനനം. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ കച്ചവടക്കാരനായ ജോസഫ് ബൈഡന്‍ സീനിയറായിരുന്നു പിതാവ്. അമ്മ കാതറിന്‍ യുജീനിയ ഫിന്നെഗന്‍. മാതാപിതാക്കള്‍ നല്‍കിയ ഊര്‍ജമാണ് തന്റെ മുന്നേറ്റങ്ങള്‍ക്ക് കാരണമെന്ന് ബൈഡന്‍ പറയാറുണ്ട്.

സ്‌ക്രാന്റനിലെ എലമെന്ററി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബൈഡനു 13 വയസ്സുള്ളപ്പോള്‍ കുടുംബം ഡെലവറിലെ മേയ്ഫീല്‍ഡിലേക്കു താമസം മാറി. സെന്റ് ഹെലേന സ്‌കൂളിലായിരുന്നു ബൈഡന്‍ ആദ്യം ചേര്‍ന്നത്. പിന്നീട് ക്ലേമൗണ്ടിലെ പ്രശസ്തമായ ആര്‍ച്ച്‌മെയര്‍ സ്‌കൂളില്‍ പഠനം നടത്തി. ഫീസിന് പണം കണ്ടെത്താന്‍ സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ വൃത്തിയാക്കുന്ന ജോലി ബൈഡന്‍ ഏറ്റെടുത്തിരുന്നതായി അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാം. സ്‌കൂള്‍ പഠനകാാലത്ത് നല്ല ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു ബൈഡന്‍.

ഡെലാവര്‍ സര്‍വകലാശാലയില്‍നിന്നും സിറക്യൂസ് സര്‍വകലാശാലയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ബൈഡന്‍ പൊതുജീവിത്തത്തിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് അറ്റോര്‍ണിയായിരുന്നു അദ്ദേഹം. മുപ്പതാം വയസ്സില്‍ യുഎസ് സെനറ്ററായ ബൈഡന്‍ ഡെലാവറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം സെനറ്ററായിരുന്നയാളാണ്.

2008 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു ഡമോക്രാറ്റുകള്‍ക്കിടയില്‍ ബൈഡനും മല്‍സരിച്ചിരുന്നുവെങ്കിലും പാര്‍ട്ടി തിരഞ്ഞെടുത്തത് ഒബാമയെ ആയിരുന്നു. ഒബാമ അന്നു തന്റെ റണ്ണിങ് മേറ്റ് ആയി ബൈഡനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം വൈസ് പ്രസിഡന്റ് പദവിയിലെത്തി. യുഎസിന്റെ 47 ാം വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. 2012 ല്‍ ഒബാമ രണ്ടാമതും അധികാരത്തില്‍ വന്നപ്പോഴും വൈസ് പ്രസിഡന്റ് കസേരയില്‍ ബൈഡന്‍ തുടര്‍ന്നു. ബൈഡന് ഒബാമ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചിരുന്നു.

ഡെലാവര്‍ സര്‍വകലാശാലയിലെ പഠനത്തിനിടയില്‍ ബഹാമസിലേക്ക് നടത്തിയ യാത്രയിലാണ് സിറക്യൂസ് സര്‍വകലാശാല വിദ്യാര്‍ഥിയായ നെയ്‌ലിയ ഹണ്ടറിനെ അദ്ദേഹം പരിചയപ്പെട്ടത്. അത് പിന്നീട് പ്രണയമായി വളര്‍ന്നു. ഡെലാവറില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത് ഉന്നത പഠനത്തിനായി ബൈഡന്‍ പോയത് സിറക്യുസ് സര്‍വകലാശാലയിലേക്ക്. 1965ല്‍ അവിടെ പഠനം തുടര്‍ന്ന ബൈഡന്‍ 1966ല്‍ നെയ്‌ലിയ ഹണ്ടറിനെ വിവാഹം കഴിച്ചു. ആ ദാമ്പത്യവല്ലരിയില്‍ ബ്യു ബൈഡന്‍, ഹണ്ടര്‍ ബൈഡന്‍, നവോമി ബൈഡന്‍ എന്നീ മൂന്ന് മക്കള്‍ പിറന്നെങ്കിലും അവരുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല.

1972ല്‍ ഒരു ക്രിസ്മസ് കാലത്ത്, ക്രിസ്മസ് ട്രീ വാങ്ങാന്‍ പോയ ബൈഡന്റെ ഭാര്യും മക്കളും വാഹനാപകടത്തില്‍പെട്ടു. ഭാര്യയും ഒരു വയസ്സുകാരി മകളും മരിക്കുകയും മക്കളായ ബ്യുവിനും ഹണ്ടറിനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ബൈഡന്റെ ജീവിതം താളംതെറ്റി. ആത്മഹത്യയെ കുറിച്ച് പോലും താന്‍ അന്ന് ചിന്തിച്ചിരുന്നുവെന്ന് ബൈഡന്‍ പിന്നീട് പറഞ്ഞിരുന്നു. പുതിയ സെനറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വാഷിങ്ടനില്‍ പോകേണ്ടിയിരുന്ന ബൈഡന്‍ മക്കള്‍ കിടക്കുന്ന ആശുപത്രിമുറിയില്‍നിന്നാണ് അന്നു സത്യവാചകം ചൊല്ലിയത്.

പിന്നീട്, അധ്യാപികയായ ജില്‍ ട്രേസി ജേക്കബ്‌സിനെ 1977ല്‍ അദ്ദേഹം വിവാഹം കഴിച്ചു. ഇവര്‍ക്ക് ആഷ്ലി ബ്ലേസര്‍ എന്ന മകളുണ്ട്. ബ്യൂ ബൈഡന്‍ പിന്നീട് ഡെലാവര്‍ അറ്റോര്‍ജി ജനറലായി. തലച്ചോറിലെ അര്‍ബുദത്തെത്തുടര്‍ന്നു 2015 ല്‍ മരിച്ചു. ഹണ്ടര്‍ ബൈഡന്‍ വാഷിങ്ടനിലെ അറ്റോര്‍ണിയാണ്.

1968 ല്‍ ബിരുദം നേടി ഡെലാവറിലെ വില്‍മിങ്ടണിലേക്ക് തിരിച്ചെത്തിയ ബൈഡന്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. പിന്നീട് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ അംഗമായി. 1970ല്‍ ന്യൂ കാസില്‍ കൗണ്ടി കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1971 ല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്നതിനിടെ സ്വന്തമായി നിയമസ്ഥാപനവും ബൈഡന്‍ തുടങ്ങി. 1972 ല്‍ ബൈഡന് ഡെലാവറില്‍നിന്ന് സെനറ്റിലേക്ക് മല്‍സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കി. അവിടെ ജയിച്ച 29 കാരനായ ബൈഡന്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ സെനറ്ററായി.

സോവിയറ്റ് യൂണിയന് ആയുധങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ബാള്‍ക്കന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരാനും നാറ്റോ സഖ്യരാജ്യങ്ങളെ വിപുലപ്പെടുത്താനും ആദ്യ ഗള്‍ഫ് യുദ്ധത്തെ എതിര്‍ക്കാനുമുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങളും ഇടപെടലുകളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിമിനല്‍ നിയമങ്ങള്‍ കഠിനമാക്കണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

1987 ല്‍ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറിയില്‍ നിന്നു പിന്മാറി. പ്രസംഗത്തിന്റെ ചിലഭാഗങ്ങള്‍ മോഷ്ടിച്ചതാണെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു അത്. 2007 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡന്റാകാനായിരുന്നു നിയോഗം.