പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: രണ്ടുപേരെ കൂടി പ്രതിചേര്‍ത്ത് അന്വേഷണ സംഘം

Posted on: November 7, 2020 1:37 am | Last updated: November 7, 2020 at 1:37 am

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസില്‍ രണ്ട് പേരെക്കൂടി പ്രതിചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഒന്നാം പ്രതി തോമസ് ഡാനിയേലിന്റെ മാതാവും സ്ഥാപന ഡയറക്ടറുമായ കോന്നി വകയാര്‍ ഇഞ്ചിക്കാട്ടില്‍ വീട്ടില്‍ എം ജെ മേരിക്കുട്ടി, ഡാനിയേലിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ പ്രഭയുടെ സഹോദരന്‍ വടക്കേവിള അമ്പനാട്ട് സാമുവല്‍ പ്രകാശ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. പ്രതിപ്പട്ടികയില്‍ ആറ്, ഏഴ് പ്രതികളായാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേരിക്കുട്ടി നിലവില്‍ ആസ്‌ത്രേലിയയിലാണുള്ളത്. സാമുവല്‍ പ്രകാശ് കേരളത്തില്‍ തന്നെയുണ്ടെന്നാണ് സൂചന.

ആലപ്പുഴ അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനിടെ, റോയി ഡാനിയേലിന്റെ മകളും കേസിലെ അഞ്ചാം പ്രതിയുമായ ഡോ. റിയയുടെ പേരില്‍ രണ്ട് ജാമ്യാപേക്ഷകള്‍ കൂടി സമര്‍പ്പിച്ചു. റിയ ഒഴികെയുളള മറ്റ് നാല് പ്രതികളും ചേര്‍ന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഈമാസം 10ന് പരിഗണിക്കും. ഇവരുടെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ട് കോടതി ഉത്തരവായി.