Connect with us

Kerala

ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; കാറില്‍ സൂക്ഷിച്ചിരുന്ന 57 ലക്ഷം രൂപ പിടിച്ചെടുത്തു

Published

|

Last Updated

തിരുവല്ല | ഡോ. കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും ആദായനികുതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന. തിരുവല്ല മഞ്ഞാടിയിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യയിലും കുറിപ്പുഴയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്. സഭാ ആസ്ഥാന വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡോ. കെ പി യോഹന്നാന്റെ സഹായിയുടെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും 57 ലക്ഷം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തു. സഭാ പി ആര്‍ ഒ യുടെതടക്കം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ആദായ നികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. 30 വാഹനങ്ങളിലായാണ് അന്വേഷണ സംഘം എത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കോട്ടയത്ത് നിന്നും എത്തിയ ആദ്യസംഘം ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലാണ് പരിശോധനകള്‍ നടത്തിയത്. ആറേ മുക്കാലോടെ രണ്ടാം സംഘവും എത്തി. തുടര്‍ന്നാണ് സഭാ ആസ്ഥാനത്തും ഗോസ്പല്‍ ഫോര്‍ ഏഷ്യയിലും പരിശോധനകള്‍ ആരംഭിച്ചത്. പുറത്ത് നിന്നുള്ള ആരെയും അകത്തേക്ക് പ്രവേശിപ്പിക്കാതെയാണ് പരിശോധന. സഭാ ആസ്ഥാനത്തിന്റെ പ്രധാന കവാടത്തില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയത്ത് നിന്നുള്ള പത്തോളം വരുന്ന പോലീസ് സംഘമായിരുന്നു പുലര്‍ച്ചെ മുതല്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഇന്നലെ വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ നിന്നുള്ള കൂടുതല്‍ പോലീസുകാരെ കാവലിനായി നിയോഗിച്ചിട്ടുണ്ട്. രാത്രി ഏറെ വൈകിയും പരിശോധനകള്‍ തുടരുകയാണ്. ബിലീവേഴ്സ് ചര്‍ച്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച സംഭാവന വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട് കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികളും നടന്നു വന്നിരുന്നു. ഇതിനിടയിലാണ് ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡിനെത്തിയത്. 2012ലും സംസ്ഥാന ആദായ നികുതി വകുപ്പ് ബിലീവേഴ്സ് ചര്‍ച്ച് കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

---- facebook comment plugin here -----

Latest