Business
റിലയന്‍സ് റീടെയിലില്‍ 9,555 കോടിയുടെ നിക്ഷേപവുമായി സഊദി

മുംബൈ | സഊദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി ഐ എഫ്) റിലയന്‍സ് റീടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡില്‍ 9,555 കോടി രൂപ നിക്ഷേപിക്കും. റിലയന്‍സ് റീടെയിലിന്റെ 2.04 ശതമാനം ഓഹരി നേടാനാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനികളില്‍ ഇത് രണ്ടാം തവണയാണ് പി ഐ എഫ് നിക്ഷേപിക്കുന്നത്.
നേരത്തേ പി ഐ എഫ് ജിയോയുടെ 2.32 ശതമാനം ഓഹരി നേടിയിരുന്നു. ഈ നിക്ഷേപത്തിലൂടെ പി ഐ എഫിന്റെ രാജ്യത്തെ സാന്നിധ്യം വര്‍ധിക്കും. ഇതോടെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ 47,265 കോടി രൂപയുടെ നിക്ഷേപം നേടാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സാധിച്ചു.
ലോകത്തെ തന്നെ ഏറ്റവും വലുതും ഏറെ സ്വാധീനം ചെലുത്തുന്നതുമായ പരമോന്നത സ്വത്ത് ഫണ്ടുകളിലൊന്നാണ് പി ഐ എഫ്. നേരത്തേ സില്‍വര്‍ ലേക്, കെ കെ ആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബാദല, ജി ഐ സി, ടി പി ജി, അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അടക്കമുള്ള കമ്പനികള്‍ 37,710 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് റീടെയിലിൽ നടത്തിയിട്ടുണ്ട്. സെപ്തംബര്‍ മുതല്‍ 10.52 ശതമാനം ഓഹരിയാണ് റിലയന്‍സ് റീടെയില്‍ വിറ്റത്.